ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിപണിയിൽ മത്സരം കനത്തതോടെ രണ്ട് മോർട്ട്ഗേജ് കമ്പനികൾ പലിശ നിരക്കുകൾ കുറച്ചു. സാന്റാൻഡറും ബാർക്ലേസും ആണ് മോർട്ട്ഗേജ് നിരക്കുകൾ 4 ശതമാനത്തിൽ താഴെയാക്കി കുറച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറച്ചത് ആണ് നിരക്ക് കുറയ്ക്കാനുള്ള ആത്മവിശ്വാസം മോർട്ട്ഗേജ് കമ്പനികൾക്ക് നൽകിയത്.
രണ്ട് കമ്പനികൾ മോർട്ട്ഗേജ് നിരക്കുകൾ കുറച്ചത് മറ്റ് കമ്പനികളെയും സമാനമായി ചിന്തിക്കാൻ പ്രേരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മോർട്ട് ഗേജ് നിരക്കുകൾ കുറയ്ക്കുന്നത് ഭവന വാഹന വിപണിയിൽ പുത്തൻ ഉണർവിന് വഴിതെളിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കടം വാങ്ങുന്നവർക്ക് ആഗ്രഹിച്ചിരുന്ന രീതിയിൽ നിരക്ക് കുറഞ്ഞ മോർട്ട് ഗേജുകൾ ലഭിക്കാൻ തുടങ്ങിയെന്ന് ട്രിനിറ്റി ഫിനാൻഷ്യലിന്റെ ആരോൺ സ്ട്രട്ട് പറഞ്ഞു. മോർട്ട്ഗേജ് ഉടൻ പുതുക്കലിനായി വരുകയും നിങ്ങൾ ഇതിനകം ഒരു പുതിയ ഡീൽ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് അവലോകനം ചെയ്യാനും മികച്ച നിരക്കിലേക്ക് മാറാനും ഇത് നല്ല സമയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്കുകൾ 4.75 ശതമാനത്തിൽ നിന്ന് 4.5 ആയി കുറച്ചു കൊണ്ട് വരുംകാലയളവിൽ വീണ്ടും പലിശ നിരക്കുകൾ കുറച്ചേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞിരുന്നു . എന്നാൽ വരുംകാലങ്ങളിൽ യുകെയുടെ വളർച്ചാ നിരക്ക് മന്ദഗതിയിലാകാനുള്ള സാധ്യതയിലേയ്ക്ക് അദ്ദേഹം വിരൽചുണ്ടിയത് കടുത്ത ആശങ്കയോടെയാണ് വിപണി വിദഗ്ധർ കാണുന്നത്. ദീർഘകാലത്തേയ്ക്ക് മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞാൽ വീടുവാങ്ങാൻ കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്. 2022 ജനുവരി ഒന്നിന് രണ്ട് വർഷത്തെ ഫിക്സഡ് പലിശ നിരക്കുകളുടെ ശരാശരി നിരക്ക് 2.38 ശതമാനം ആയിരുന്നു. എന്നാൽ അത് 2023 ഓഗസ്റ്റിൽ 6.85 ശതമാനം എന്ന ഏറ്റവും ഉയർന്ന നിലവിൽ എത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കിയതിനെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നിരക്ക് കുറച്ചതാണ് മോർട്ട് ഗേജ് നിരക്കുകൾ പടിപടിയായി കുറയുന്നതിന് കാരണമായത്.
Leave a Reply