ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോട്ടയം: കാലംചെയ്ത ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്തയ്ക്ക് (92) പ്രാർത്ഥനാനിർഭരമായ യാത്രാമൊഴി നൽകി വിശ്വാസി സമൂഹം. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ശുശ്രൂഷകൾക്കും സിറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഭൗതിക ശരീരത്തോടൊപ്പം മാർ പൗവത്തിലിന്റെ ജീവിതരേഖ ആലേഖനം ചെയ്ത ഏഴു ചെമ്പു ഫലകങ്ങളും സമർപ്പിച്ചു. ശനിയാഴ്ച കാലം ചെയ്ത മാർ പൗവത്തിലിന്റെ ഭൗതിക ശരീരം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയോടനുബന്ധിച്ചുള്ള കബറിട പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് സംസ്കരിച്ചത്. മാർ പൗവത്തിലിന്റെ ആത്മീയ പിതാവായിരുന്ന മാർ മാത്യു കാവുകാട്ടിനെ സംസ്കരിച്ചതും ഇവിടെയാണ്.

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് സംസ്കാര ശുശ്രൂഷയുടെ അവസാന ഘട്ടം നടന്നത്. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അടക്കം നാൽപതോളം ബിഷപ്പുമാരും നൂറുകണക്കിനു വൈദികരും സഹകാർമികരായി.

കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ, ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവർ അനുശോചന സന്ദേശം നൽകി. മെത്രാപ്പോലീത്തൻ പള്ളിയിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരും സഭാധ്യക്ഷൻമാരും വൈദികരും സന്യസ്തരും വിവിധ രൂപതകളിൽ നിന്നെത്തിയ ആയിരക്കണക്കിനു വിശ്വാസികളും ആദരമർപ്പിച്ചു. ഫ്രാൻസീസ് മാർപാപ്പ, സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് അടക്കം രാഷ്ട്രീയ മത സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെ സന്ദേശങ്ങൾ സംസ്കാര ശുശ്രൂഷയ്ക്കിടെ ബിഷപ് മാർ തോമസ് പാടിയത്ത് വായിച്ചു.

തിരുവല്ല മാക്ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി റ്റിജി തോമസ് മലയാളം യുകെ ന്യൂസിനുവേണ്ടി അഭിവന്ദ്യ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.