ന്യൂസ് ഡെസ്ക് മലയാളം യുകെ

അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പണിമുടക്ക് മൂലം യുകെയിൽ സ്കൂളുകളിലും കോളേജുകളിലും ഒട്ടേറെ ക്ലാസുകളാണ് കഴിഞ്ഞ അധ്യയന വർഷം നഷ്ടമായത്. പണപെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായുള്ള ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് അധ്യാപകർ ഉൾപ്പെടെ വിവിധ വിഭാഗത്തിൽപ്പെട്ട ജീവനക്കാർ പണിമുടക്കിയത്.

ജീവനക്കാർ പണിമുടക്കിയത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചു എന്ന് വിലയിരുത്തൽ വിദ്യാഭ്യാസ വകുപ്പിനുണ്ട്. അതുകൊണ്ടുതന്നെ സമരങ്ങൾ അധ്യാപകർ നടത്തുന്ന സാഹചര്യത്തിൽ നിശ്ചിത ശതമാനം ജീവനക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടാകണമെന്ന പുതിയ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വന്നിരിക്കുകയാണ്. എന്നാൽ ഈ തീരുമാനം തികച്ചും ജനാധിപത്യവിരുദ്ധമാണെന്നാണ് യൂണിയനുകൾ വിശേഷിപ്പിച്ചത്. ഇടഞ്ഞുനിൽക്കുന്ന യൂണിയനുകളുമായി ഈ വിഷയത്തിൽ വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ ചർച്ചകൾ നടത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഭാവിയിൽ എന്ത് പണിമുടക്ക് നടന്നാലും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബാധിക്കാതിരിക്കുക എന്നതാണ് ഗവൺമെൻറ് ലക്ഷ്യം വയ്ക്കുന്നത് എന്ന് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടർ അറിയിച്ചു. എന്നാൽ ഈ നീക്കത്തെ യൂണിയൻ ശക്തമായി എതിർക്കുമെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ജനറൽ സെക്രട്ടറി ഡാനിയൽ കെബെഡെ പറഞ്ഞു