ന്യൂസ് ഡെസ്ക് മലയാളം യുകെ

സിഡ്നി : വനിത ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് സ്പെയിൻ. സിഡ്‌നിയിൽ നടന്ന ആവേശപോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തോൽപ്പിച്ചത്. 29-ാം മിനിറ്റിൽ ഓൾഗ കാർമോണയാണ് സ്പെയ്‌നിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ഗോൾ നേടിയത്. മത്സരത്തിന്‍റെ തുടക്കം മുതൽക്കേ പന്തിൻമേലുള്ള ആധിപത്യം സ്പാനിഷ് വനിതകൾക്കായിരുന്നു.

ഇംഗ്ലണ്ടിന്‍റെ മുന്നേറ്റങ്ങളൊക്കെ ലക്ഷ്യം കാണാതെ അവസാനിപ്പിക്കാൻ സ്പാനിഷ് പ്രതിരോധ താരങ്ങൾക്ക് കഴിഞ്ഞു. ഇംഗ്ലീഷ് താരം ഹെംപ് മികച്ചൊരു ഇടംകാലനടിയിലൂടെ ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരം 20 മിനിട്ട് പിന്നിട്ടപ്പോൾ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചു. ലോറൻ ഹെംപിന്‍റെ തകർപ്പനൊരു സെറ്റ് പീസ് സ്പാനിഷ് വനിതകൾ തട്ടിയകറ്റി. മത്സരത്തിന്‍റെ 29-ാം മിനിട്ടിൽ ഗോൾ പിറന്നു. കാർമോണയുടെ തകർപ്പനൊരു ഇടംകാലൻ ഷോട്ട് ഇംഗ്ലീഷ് ഗോളി ഇയർപ്സിനെ മറികടന്ന് വലയിൽ എത്തുകയായിരുന്നു. സ്പാനിഷ് മധ്യനിരയുടെ മികവിലാണ് ആദ്യ ഗോൾ പിറന്നത്. ഇംഗ്ലണ്ടിന് മത്സരത്തിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയതും സ്പാനിഷ് മധ്യനിരയായിരുന്നു.

മത്സരം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലീഷ് ഹെഡ് കോച്ച് സറീന വിഗ്‌മാൻ ടീമിനെ ഇറക്കിയത്. അലെസിയോ റൂസ്സോയ്ക്ക് പകരം ലയണീസ് ബോസ് ലോറൻ ജെയിംസിനെ കൊണ്ടുവന്നു, ഡാലിക്ക് പകരം ചോ കെല്ലി വന്നു. കെല്ലിയുടെ സാന്നിധ്യം ഇംഗ്ലണ്ടിന്‍റെ കളിയുടെ വേഗം കൂട്ടി. അതിനിടെ ഹെംപ്സിനൊരു ഗോളവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 70-ാം മിനിട്ടിൽ സ്പെയിനിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ഹെർമോസോയ്ക്ക് ലക്ഷ്യം കാണാനായില്ല. ഗോൾ മടക്കാനായി ഇംഗ്ലീഷ് വനിതകൾ ആക്രമണം ശക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് അവാർഡ് ഇംഗ്ലണ്ട് കീപ്പർ ഇയർപ്‌സ് സ്വന്തമാക്കി.