ഫാ. ബിജു കുന്നക്കാട്ട്

നോറിച്: നോറിച് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ ഇന്നലെ നടന്ന കേംബ്രിഡ്ജ് റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വിശ്രുത വചനപ്രഘോഷകന്‍ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടയിലും നേതൃത്വം നല്‍കിയ ഏകദിന കണ്‍വെന്‍ഷനില്‍ റീജിയണിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ സംബന്ധിച്ചു. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ നടന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കിയിരുന്നു. റീജിയണിലെ സീറോ മലബാര്‍ ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കുന്ന റെവ. ഫാ. ഫിലിപ് പന്തമാക്കല്‍, റെവ. ഫാ. തോമസ് പാറക്കണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങള്‍.

ഈസ്റ്റ് ആംഗ്ലിയ ലത്തീന്‍ രൂപത ബിഷപ്പ് അലന്‍ ഹോപ്‌സ് വിശ്വാസികളെ കാണാനും ആശീര്‍വദിക്കാനും എത്തിയത് ഇരട്ടിമധുരമായി. യു.കെയില്‍ സീറോ മലബാര്‍ സഭ ചെയ്യുന്ന വിശ്വാസസാക്ഷ്യം വലുതാണെന്നും ഈ നാട്ടിലെ വിശ്വാസജീവിതത്തെ വളര്‍ത്താന്‍ വളരെ സഹായകരമാണെന്നും ബിഷപ്പ് അലന്‍ അനുസ്മരിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ശുശ്രുഷ നടന്ന രണ്ടു സ്ഥലങ്ങളും സന്ദര്‍ശിച്ചു രണ്ടു മെത്രാന്‍മാരും വിശ്വാസികളോട് സംസാരിച്ചു. ഈസ്റ്റ് ആംഗ്ലിയ രൂപതയില്‍ ശുശ്രുഷ ചെയ്യന്ന മലയാളി വൈദികരായ ഫിലിപ് പന്തമാക്കലിന്റെയും, തോമസ് പാറക്കണ്ടത്തിന്റെയും സേവനങ്ങളെ ബിഷപ്പ് അലന്‍ പ്രകീര്‍ത്തിച്ചു.

ദൈവത്തിനു പ്രീതികരമായി ജീവിക്കാന്‍ പഠിപ്പിക്കുന്നത് പരിശുദ്ധാതമാവ് ആണന്ന് വചനപ്രഘോഷണത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. പരിശുദ്ധാതമാവിന്റെ സഹായമില്ലാതെ ആര്‍ക്കും ഈശോയെ വിളിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു. സുവിശേഷത്തിലെ പത്തു കന്യകമാരുടെ ഉപമ വിശദീകരിച്ച മാര്‍ ജോസഫ് സ്രാമ്പിക്കല്‍, എല്ലാവര്‍ക്കും ഇപ്പോഴും ഉണ്ടായിരിക്കേണ്ട ആത്മീയ ഒരുക്കത്തെക്കുറിച്ചു ഓര്‍മിപ്പിച്ചു. വി. കുമ്പസാരത്തിനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു.

സൗത്താംപ്ടണ്‍ റീജിയണല്‍ അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്‍ നാളെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ ബോണ്‍മൗത് ലൈഫ് സെന്ററില്‍ വച്ച് നടക്കും. (വിലാസം: 713, Wimborne Road, Bournmouth, BH 9 2 AU) കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. സൗത്താംപ്റ്റണ്‍ റീജിയണല്‍ ഡയറക്ടര്‍ റെവ. ഫാ. ടോമി ചിറക്കല്‍മണവാളന്റെയും റെവ. ഫാ. ചാക്കോ പനത്തറയുടെയും കണ്‍വെന്‍ഷന്‍ കമ്മറ്റിയുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വി. കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയും റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടയിലും സംഘവും വചനപ്രഘോഷണം നടത്തുകയും ചെയ്യും. വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ വിശ്വാസികളെയും ഏറെ സ്‌നേഹത്തോടെ ഈ അനുഗ്രഹദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.