സ്റ്റീവനേജ്: കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരിതത്തിലും, ദുരന്തത്തിലും ഒരു കൈത്താങ് ആകുവാനും,കേരളത്തിന്റെ അതിജീവനം എത്രയും ദ്രുതഗതിയില്‍ സാധ്യമാകുന്നതിനും, കേരള ജനതക്കു സുരക്ഷയും മനോ ധൈര്യവും ലഭിക്കുവാനുമായി പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബ്ബാനകളും അര്‍പ്പിക്കുവാന്‍ സ്റ്റീവനേജിലെ ഇംഗ്ലീഷ് പാരീഷ് കമ്മ്യുണിറ്റികള്‍ മുന്നോട്ടു വന്നിരിക്കുന്നു.

കേരളത്തില്‍ വന്‍തോതില്‍ നാശം വിതറിയ ജല പ്രളയം, ഉരുള്‍ പൊട്ടല്‍, ആളപായങ്ങള്‍, ഭവനത്തകര്‍ച്ചകള്‍ തുടങ്ങിയവയുടെ ഭീതീതമായ ദൃശ്യങ്ങളും വാര്‍ത്തകളും ബിബിസിയിലൂടെ കണ്ടും കേട്ടും അറിഞ്ഞവരുടെ സ്വയ പ്രേരിതമായ നല്‍ മനസ്സാക്ഷിയാണ് സ്റ്റീവനേജില്‍ കരുണയുടെ വാതായനം തുറന്നത്.

വെസ്റ്റ് മിന്‍സ്റ്റര്‍ റോമന്‍ കത്തോലിക്കാ അതിരൂപതയിലെ സ്റ്റീവനേജില്‍ നിത്യേന അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനകളിലെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളില്‍ കേരളവും ജനതയും അവിഭാജ്യ ഘടകമായപ്പോള്‍ പ്രവാസി മലയാളികളില്‍ അവര്‍ കാണുന്ന സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും നേര്‍പതിപ്പാണ് ഇവിടെ ദൃശ്യമാവുക. ആരുടെയും അഭ്യര്‍ത്ഥനയില്ലാതെ തന്നെ കുര്‍ബ്ബാനക്ക് ശേഷം ദുരിതാശ്വാസത്തിനായി ഫണ്ട് ശേഖരണവും നടത്തിയത് ഇടവക സമൂഹത്തിന്റെ വലിയ നല്‍മനസ്സിന്റെ മുഖമാണിവിടെ അനാവരണമാക്കുന്നത്.

സ്റ്റീവനേജിലെ സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ വെച്ച് ആഗസ്റ്റ് 25 നു ശനിയാഴ്ച വൈകുന്നേരം 6:30 നു അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്ക് വികാരി ഫാ. മൈക്കിള്‍ കാര്‍മ്മികത്വം വഹിക്കുകയും 26 നു ഞായറാഴ്ച ഉച്ചക്ക് 12:00 മണിക്ക് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യ ബലിയില്‍ പാരീഷ് പ്രീസ്റ്റ് ഫാ. ബ്രയാന്‍ നേതൃത്വം വഹിക്കുന്നതുമാണ്.

കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയില്‍ നിന്നും ദ്രുത മോചനത്തിനായി ദൈവ സഹായം തേടുവാനും, മാതൃ നാടിന്റെയും സഹോദരങ്ങളുടെയും ദുഃഖത്തില്‍ പങ്കു ചേരുവാനും, ദുരന്ത മേഖലക്ക് ഒരു ചെറു സഹായം സ്വരൂപിക്കുവാനും സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റികള്‍ മുന്നോട്ടു വന്നിരിക്കുമ്പോള്‍ രണ്ടു ദേവാലയങ്ങളില്‍ ആയി അര്‍പ്പിക്കുന്ന ഇരു ദിവ്യ ബലികളിലും കൂടാതെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സജീവമായ പങ്കാളിത്തവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

വിലാസം.

St Hilda Church,
9 Breakspear,
Stevenage,
Herts SG2 9SQ.
25th 18:30

St Joseph Church,
Bedwell Crescent,
Stevenage, SG1 1NJ
26th 12:00