തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. 35 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. 33 പേർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

വില്ലുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യം കഴിച്ച് ആളുകള്‍ മരണപ്പെട്ടത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. തമിഴ്നാട് പൊലീസ് ഐ.ജി എന്‍ കണ്ണനാണ് വിവരങ്ങൾ മാധ്യമങ്ങളെ അറിയച്ചത് .

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുരന്തം റിപ്പോർട്ട് ചെയ്തത്. അന്ന് രണ്ടുപേരാണ് മരിച്ചത്. പിറ്റേദിവസം രണ്ടു പേർകൂടി മരിച്ചു. ഞായറാഴ്ച ആറ് മരണം റിപ്പോർട്ട് ചെയ്തു.വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടുചെയ്തു.