മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാൽ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിലക്ക് നീക്കിയത്. ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മേയിലാണ് ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാൻ, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായി. തുടർന്ന്, മൂവരെയും ക്രിക്കറ്റിൽനിന്ന് സസ്പെൻഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെയാണ് താരത്തിന് കളത്തിലേക്കുള്ള തിരിച്ചുവരവിന് അവസരമൊരുങ്ങിയത്.
കരിയറിലെ നിർണായക വർഷങ്ങൾ കവർന്നെടുത്ത വിവാദക്കേസിലെ ഹൈക്കോടതി വിധി കേൾക്കാൻ ശ്രീശാന്ത് കോടതിയിൽ എത്തിയിരുന്നു. ഇക്കാലമത്രെയും ഉറച്ച പിന്തുണ നൽകി കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു.എന്നാൽ, വിലക്കു നീക്കാനാവില്ലെന്ന ബിസിസിഐയുടെ കടുംപിടുത്തം തിരിച്ചുവരവിന് തടസ്സം സൃഷ്ടിച്ചതോടെയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ബിസിസിഐ വിലക്കു നിലനിൽക്കുന്നതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയിലെത്തിയത്. അതിനിടെ, സുപ്രീംകോടതി നിയോഗിച്ച പുതിയ ഭാരവാഹികളിൽ നിന്നു നീതി ലഭിക്കുമെന്നു പ്രതീക്ഷയുള്ളതിനാൽ അവരെക്കൂടി കക്ഷിചേർക്കണമെന്ന ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച്, ബിസിസിഐയുടെ നിലവിലെ പ്രസിഡന്റ് വിനോദ് റായിയെയും മറ്റു മൂന്നംഗങ്ങളെയും ഹൈക്കോടതി ഹർജിയിൽ കക്ഷിചേർക്കുകയും െചയ്തു.
Leave a Reply