സ്വകാര്യ വിമാനങ്ങള്‍ക്കായി സ്റ്റാര്‍ ജെറ്റ്‌സ് ഇന്റര്‍നാഷണല്‍ എല്‍എല്‍സി ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചു. അഡ്വാന്‍സ്ഡ് ഡിഫന്‍സ് ടെക്‌നോളജീസ് ഐഎന്‍സി എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയാണ് ഇത്. 5000 ആഭ്യന്തര സര്‍വീസുകളും 15,000 അന്താരാഷ്ട്ര സര്‍വീസുകളും നടത്തുന്ന കമ്പനിക്ക് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അനുവദിച്ചതിലൂടെ പുതിയ സാധ്യതകള്‍ തെളിഞ്ഞു കിട്ടിയതായി ബിറ്റ്‌കോയിന്‍ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ കമ്പനിക്ക് സാധിക്കില്ലെന്ന് സ്റ്റാര്‍ ജെറ്റ്‌സ് സിഇഒ റിക്കി സിറ്റോമര്‍ പറഞ്ഞു. കമ്പനിയുടെ പേര് മാറ്റുന്നതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളെക്കുറിച്ചും അദ്ദഹം വിശദീകരിച്ചു. വ്യോമയാന മേഖലയില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ വ്യാപകമാകുന്നതായുള്ള സൂചനകളാണ് ഇത് നല്‍കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ ജപ്പാനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനായ പീച്ച് ഏവിയേഷന്‍ ലിമിറ്റഡ് ടിക്കറ്റുകള്‍ക്കായി ബിറ്റ്‌കോയിനുകള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തുന്ന ആദ്യത്തെ ജാപ്പനീസ് കമ്പനിയാണ് പീച്ച്. പ്രൈവറ്റ് ജെറ്റ് കമ്പനികളില്‍ ഈ മാറ്റം ആദ്യമായി സ്വീകരിക്കുന്ന കമ്പനിയാണ് സ്റ്റാര്‍ ജെറ്റ്‌സ്. പ്രൈവറ്റ്ഫ്‌ളൈഡോട്ട്‌കോം ഇപ്പോള്‍ ബിറ്റ്‌കോയിനുകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.