മോഹൻലാൽ വരുമോ….‍? വരേണ്ടെന്ന് സിനിമാ-സാംസ്കാരിക പ്രവർത്തകർ; സംസ്ഥാന അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയാക്കാൻ തീരുമാനിച്ച് സർക്കാർ, ആദരണീയനായ താരം, രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ ലഭിച്ചിട്ടുള്ള ഒരാളെ അപമാനിക്കാനാവില്ല…..

മോഹൻലാൽ വരുമോ….‍? വരേണ്ടെന്ന് സിനിമാ-സാംസ്കാരിക പ്രവർത്തകർ; സംസ്ഥാന അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയാക്കാൻ തീരുമാനിച്ച് സർക്കാർ, ആദരണീയനായ താരം, രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ ലഭിച്ചിട്ടുള്ള ഒരാളെ അപമാനിക്കാനാവില്ല…..
July 23 10:37 2018 Print This Article

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ-സാംസ്കാരിക പ്രവർത്തകർ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് 107 പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അവാർഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമർശകരുടെ വാദം. എൻ.എസ്. മാധവൻ, സച്ചിദാനന്ദൻ, സേതു, നടൻ പ്രകാശ് രാജ്, സംവിധായകൻ രാജീവ് രവി, ഡബ്യുസിസി അംഗം ഗീതു മോഹൻദാസ് എന്നിവർ അടക്കം 107 പേരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ മോഹൻലാലിനെ മുഖ്യതിഥി ആക്കാനാണ് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരേ ചലച്ചിത്ര അക്കാഡമി ജനറൽ കൗണ്‍സിൽ അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ അവാർഡ് വിതരണ ചടങ്ങിൽ നിന്നും മോഹൻലാലിനെ മാറ്റി നിർത്തണമെന്ന ആവശ്യം സർക്കാർ തള്ളും എന്നാണ് സൂചന. സാംസ്കാരിക പ്രവർത്തകർ മോഹൻലാലിനെ മുഖ്യാതിഥിയാക്കരുതെന്ന അഭിപ്രായം സർക്കാർ കണക്കിലെടുക്കില്ല. മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിൽ സർക്കാർ മുഖ്യാതിഥിയാക്കാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അതിന് ശേഷമാണ് അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായത്. അതിൽ സർക്കാർ കക്ഷിയല്ല. സർക്കാരിന് അമ്മയുടെ കാര്യത്തിൽ പ്രത്യേകിച്ചൊരു അഭിപ്രായവുമില്ല. അമ്മയുടെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്ന് നേരത്തെയും സർക്കാർ വ്യക്തമാക്കിയതാണ്. അമ്മ ഒരു സംഘടനയാണ്. അതിന്റെ പ്രസിഡന്റാണ് ലാൽ. എന്നാൽ പ്രസിഡന്റല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. ദിലീപ് വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ല. പ്രത്യേക കോടതി വിചാരണക്ക് അനുവദിക്കണമെന്ന നടിയുടെ ആവശ്യത്തിനോട് സർക്കാർ അനുഭാവപൂർണ്ണമാണ് പ്രതികരിച്ചത്. എന്നാൽ ആക്രമണവും മോഹൻലാലിന്റെ ക്ഷണവും തമ്മിൽ കൂട്ടിയോജിപ്പിക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം.

സർക്കാർ, നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എൻ എസ് മാധവന്റെ കത്ത് സർക്കാരിന് ലഭിച്ചിട്ടില്ല. സാംസ്കാരിക പ്രവർത്തകർക്ക് തങ്ങളുടെ ന്യായം പറയാൻ അവകാശമുണ്ടെന്നാണ് സർക്കാർ നിലപാട്. നേരത്തെ ആക്രമത്തിന് ഇരയായ നടിയെ പിന്തുണച്ച വനിതാതാരങ്ങളും മോഹൻലാലിനെ ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നും സർക്കാർ പ്രതികരിച്ചില്ല. മോഹൻലാലിനോട് സാംസ്കാരിക മന്ത്രി നേരിട്ട് താരങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമായിരുന്നു ഇത്. അതിൽ ഇടഞ്ഞ് നിൽക്കുന്ന താരങ്ങളുമായി ചർച്ച നടത്താമെന്ന് ലാൽ സമ്മതിച്ചിരുന്നു. അടുത്ത മാസം ഏഴിന് ചർച്ച നടത്താൻ തീരുമാനിച്ചത് സർക്കാരിന്റെ നിർദ്ദേശാനുസരണമാണ്. ഇത്രയുമൊക്കെ ചെയ്തിട്ടും മോഹൻലാലിനെ ചലച്ചിത്ര അക്കാദമിയുടെ ചടങ്ങിൽ നിന്നും മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് സർക്കാരിന്റെ വാദം
മോഹൻലാലിനെ ചടങ്ങിൽ വിളിച്ചത് അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ലെന്ന് സർക്കാർ വാദിക്കുന്നു.

മോഹൻലാൽ ആദരണീയനായ താരമാണ്. അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെ അപമാനിക്കാനാവില്ല. അദ്ദേഹത്തെ ഒഴിവാക്കിയാൽ അത് വിവാദമാകുമെന്ന് സർക്കാർ കരുതുന്നു. ലാൽ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു എന്നാണ് സർക്കാരിന്റെ വിശ്വാസം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles