ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഞാൻ ഒരു പാർട്ടിയുടെയും ആളല്ല . എങ്കിലും ഇന്റർവ്യൂ കേട്ടതിൽ നിന്ന് മനസിലായതനുസരിച്ചു വീണാ ജോർജിന്റെ തലയിൽ കേറാൻ മാത്രമുള്ളതൊന്നും അവർ പറഞ്ഞിട്ടില്ല . പെട്ടെന്നുണ്ടായ പേടിപ്പിക്കുന്ന ഒരു സിറ്റുവേഷനിൽ പതറി പോയിട്ടുണ്ട് എന്ന് മാത്രമാണ് പറയാൻ ശ്രമിച്ചത് എന്നാണ് എനിക്ക് മനസിലായത് …

അല്ലെങ്കിൽ തന്നെ ഏത് ഡോക്ടറാണ് എക്സ്പീരിയൻസ് ഇല്ലാതെ രജിസ്റ്റേർഡ് ഡോക്ടർ ആകുന്നത് . അല്ലെങ്കിൽ തന്നെ എത്ര വർഷങ്ങൾ എക്സ്പീരിയൻസ് ഉണ്ടെന്നുപറഞ്ഞാലും ചില അവസരങ്ങളിൽ അത് ഡോക്ടറായാലും നേഴ്സായാലും മനുഷ്യരായ നമ്മളൊക്കെ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നുപോകും .

ഉദാഹരണത്തിന് എനിക്കറിയാവുന്ന ഒരു ഒരു സായിപ്പ് , ഒരു നേഴ്‌സിംങ് ഹോമിന്റെ ഉടമയാണ് . വളരെ ചെറുപ്പം മുതലേ കരാട്ടെയൊക്കെ അഭ്യസിച്ചു ബ്ലാക്ക് ബെൽറ്റ് നേടിയ ആളാണ് താരം . പറഞ്ഞിട്ടെന്താ , ഒരു ദിവസം പുള്ളീടെ വീട്ടിൽ ആക്രമിച്ചു കേറാൻ വന്ന ഒരു കള്ളനെ നേരിടുന്ന സമയത്ത് കള്ളൻ ഈ സായിപ്പിന്റെ ബട്ടക്‌ നോക്കി ഒരു കുത്തു കുത്തി ഓടിക്കളഞ്ഞു . ഇവിടെ എക്സ്പീരിയൻസോ ബ്ലാക്ക് ബെൽറ്റൊ ഒന്നും ഒരു രക്ഷകനായില്ല .

അപ്പൊ പറഞ്ഞുവന്നത് ബോട്ടപകടം ആയികൊള്ളട്ടെ , കത്തികുത്തലുകൾ ആയിക്കൊള്ളട്ടെ , റോഡപകടം ആയിക്കൊള്ളട്ടെ …ഇങ്ങനെ പ്രതീക്ഷിക്കാതിരിക്കുമ്പോഴുള്ള മരങ്ങളെല്ലാം ഒരു വല്യ മെന്റൽ ഷോക്ക് തന്നെയാണ് , ഉൾക്കൊള്ളാൻ പറ്റാത്തത് തന്നെയാണ് . എങ്കിലും ഇങ്ങനെത്തെ സംഭവങ്ങൾ ഒരു റിസ്ക് അസ്സെസ്സ്മെന്റായി കണക്കിലെടുത്തു ഭാവിയിൽ ഇങ്ങനത്തെ കേസുകൾ വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത് . അല്ലാതെ ബോട്ടുടമയെയോ ഗവൺമെന്റിനെയോ , വീണയെയോ, പ്രതിയെയോ ഒന്നും ചെളിവാരി എറിഞ്ഞു പൊക്കിയും താത്തും താറടിച്ചും സമയം കളഞ്ഞിട്ടു ഒരു കാര്യമില്ല . മറിച്ചു ഇനി അടുത്ത നിമിഷത്തിലുണ്ടായേക്കാവുന്ന ബോട്ടപകടം , ഇനി അടുത്ത നിമിഷത്തിൽ ഇതേ സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന മരണം ഇവയൊക്കെ തടുക്കാൻ നമുക്കെന്തു ചെയ്യാനാകും എന്ന് ചിന്തിക്കാം .

സുരക്ഷിതമല്ലാത്ത മേഖലകളെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രത്യേകിച്ചു ആശുപത്രികൾ അത് സാധാരണയായി നമ്മുടെ മനസ്സിലേക്ക് വരാറില്ല. എന്നിരുന്നാലും, ആശുപത്രികൾ എല്ലാംതന്നെ ഇരുപത്തിനാല് മണിക്കൂറുകളും തുറന്നു പ്രവർത്തിക്കുന്നതിനാൽ ആര് എപ്പോൾ എവിടുന്ന് അക്രമം കൊണ്ടുവരുമെന്ന് പറയാൻ പറ്റില്ല .

ഇത് ആരോഗ്യ പ്രവർത്തകരെ മാനസികമായും ശാരീരികമായും തളർത്തുകയും അതിലൂടെ രോഗികൾക്ക് കിട്ടുന്ന പരിചരണത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യും. അതിനാൽ അക്രമസാധ്യതകൾ കുറയ്ക്കുന്നതിനും ജോലിക്കാരെ സംരക്ഷിക്കുന്നതിനുമുള്ള വിജയകരമായ വഴികൾ കണ്ടെത്തേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.

അതിനായി ആരോഗ്യ പ്രവർത്തകർക്ക്, കുറ്റകൃത്യങ്ങൾ എങ്ങനെ നേരത്തെ മനസ്സിലാക്കാമെന്നും, എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് മുമ്പേ അവ എങ്ങനെ പരിഹരിക്കാമെന്നുമൊക്കെയുള്ള പരിശീലനം വളരെ ആവശ്യമാണ് .

വാർഡുകളിൽ കയറുന്നതിന് മുമ്പേ തിരിച്ചറിയലിനായി സ്റ്റാഫിന്റെ വിരലടയാളമോ ചിത്രങ്ങളോ പോലുള്ള സുരക്ഷാ ഘടകങ്ങൾ ഉപയോഗിച്ചാൽ പലതരത്തിലുള്ള മോഷണവും അനുബന്ധിച്ച കുറ്റകൃത്യങ്ങളും തടയാൻ ഫലപ്രദമായ മാർഗമാണ് സ്മാർട്ട് കാർഡുകൾ. കൂടാതെ മെറ്റൽ ഡിറ്റക്ടറുകൾക്ക് ആയുധങ്ങൾ കണ്ടുപിടിക്കാൻ മാത്രമല്ല, ഒരുപരുധിവരെ കുറ്റവാളികളെ തടയാനും കഴിയും.

എല്ലാവരേയും സുരക്ഷിതമായി നിലനിർത്താൻ ആശുപത്രികളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ വേറൊരു പരിഹാരമാണ് വീഡിയോ നിരീക്ഷണ സംവിധാനം. പരിസരം, ചുറ്റളവ്, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയുടെ കവറേജ് നൽകുന്നതിലൂടെ ഒട്ടുമിക്ക കുറ്റകൃത്യങ്ങളും ഗണ്യമായി കുറയ്ക്കാൻ കഴിയും. മാത്രവുമല്ല നിരീക്ഷണ ക്യാമറകൾ ഉണ്ട് എന്നുള്ള ബോർഡുകൾ കൂടി ആശുപത്രി പരിസരത്ത് സ്ഥാപിച്ചാൽ, തങ്ങൾ റെക്കോർഡുചെയ്യുന്നുവെന്ന് സ്വയം ബോധ്യം വരുന്നതിനാൽ കുറ്റവാളികൾ ഒരുപരുധിവരെ അകന്നു നിൽക്കാൻ കാരണമാകുകയും ചെയ്യും.

കൂടാതെ ജോലിസ്ഥലത്തു ദിനം തോറും നടക്കുന്ന അക്രമ സംഭവങ്ങൾ കറക്ടായി രേഖപ്പെടുത്തുകയും റെക്കോർഡുകൾ സൂക്ഷിക്കുകയും അവ ശരിയായ രീതിയിൽ അന്വേഷിച്ചു തിരുത്ത പെടുകയും ചെയ്യുന്നത് അവ പിന്നീടും ആവർത്തിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും .

ട്രെയിനിങ് കിട്ടിയെന്നും പറഞ്ഞു നടക്കുന്ന അക്രമ സംഭവങ്ങളെല്ലാം ജീവനക്കാർക്ക് എല്ലായ്പ്പോഴും കണ്ടെത്താനോ തടയാനോ കഴിയില്ല,. കൂടാതെ ആശുപത്രികളിൽ വരുന്ന രോഗികളുടെയും അവിടുത്തെ ജീവനക്കാരുടെയും സുരക്ഷാ ഒരു ആശുപത്രിയുടെ ഉത്തരവാദിത്വം കൂടിയാണ് .

അല്ലാത്ത പക്ഷം ഇനി ബാക്കിയുള്ള ഡോക്ടർമാരും നേഴ്സുമാരുമെല്ലാം താമസിക്കാതെ ഇന്ത്യകടക്കും . അതിൽ വിഷമിക്കേണ്ടിവരുക വിദേശ്യ രാജ്യങ്ങളിൽ പോയി ചികിത്സ നേടുന്ന മന്ത്രിമാരല്ല മറിച്ചു പ്രായമായ നമ്മുടെ അപ്പനമ്മമാർ ആയിരിക്കും ….