ന്യൂസ് ഡെസ്ക് മലയാളം യുകെ
മണിക്കൂറിൽ 104 മൈൽ വേഗതയിൽ രാജ്യത്ത് ആഞ്ഞടിച്ച് സിയാറൻ കൊടുങ്കാറ്റ്. കൊടുങ്കാറ്റിൽ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യതി നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ സ്കൂളുകൾ അടച്ചു. വെള്ളപ്പൊക്കം കാരണം റെയിൽ ഗതാഗതം പലയിടത്തും നിർത്തി വച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് വീശിയടിക്കുന്ന സാഹചര്യത്തിൽ മരങ്ങൾ കടപുഴകി വീഴുന്നതിനാൽ ചാനൽ ദ്വീപുകളിലെ വീടുകളിലുള്ള ആളുകളെ കുടിയൊഴിപ്പിച്ചിരിക്കുകയാണ്.
വിദ്യാർത്ഥികൾക്ക് അപകടസാധ്യതയുള്ളതിനാൽ തെക്കൻ ഇംഗ്ലണ്ടിലെ സ്കൂളുകൾ അടച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ട്രെയിൻ ഓപ്പറേറ്റർമാർ അറിയിച്ചു. നിലവിൽ മെറ്റ് ഓഫീസ് ആംബർ വാണിംഗ് പിൻവലിച്ചെങ്കിലും സതേൺ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് അർദ്ധരാത്രി വരെ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാൽ ഈ പ്രദേശത്ത് യെല്ലോ വാണിംഗ് നിലനിൽക്കുന്നുണ്ട്.
കിഴക്കൻ തീരത്ത് ഹൾ മുതൽ അബർഡീൻ വരെയുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 6 മണി വരെ മഴ മുന്നറിയിപ്പ് ഉണ്ടായിരിക്കും. ഇന്ന് ഉച്ചക്ക് ശേഷം ഇംഗ്ലണ്ടിലുടനീളം79 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇതിനോടകം എൻവയോൺമെന്റ് ഏജൻസി നൽകി. മോശം കാലാവാസ്ഥയെ തുടർന്ന് ഡോവർ തുറമുഖത്ത് നിന്ന് വിനോദസഞ്ചാരികളെ തിരിച്ച് അയച്ചതായി പി ആൻഡ് ഒ ഫെറികളും ഡിഎഫ്ഡിഎസും അറിയിച്ചു.
Leave a Reply