ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡ് മഹാമാരി കാരണം 2020 , 2021ലും രാജ്യത്തെ പല പരീക്ഷകളും റദ്ദാക്കിയിരുന്നു. പരീക്ഷകൾക്ക് പകരം കുട്ടികളുടെ ക്ലാസ് റൂമിലെ പ്രകടനത്തെ വിലയിരുത്തി അധ്യാപകർ ഗ്രേഡ് നൽകുന്ന സംവിധാനമാണ് കോവിഡ് കാലത്ത് രാജ്യത്ത് നടപ്പിലാക്കിയത്. അതുകൊണ്ട് തന്നെ ആ കാലയളവിൽ ഒട്ടുമിക്ക കുട്ടികൾക്കും പ്രതീക്ഷിച്ചതിനേക്കാൾ മികവാർന്ന ഗ്രേഡുകളാണ് ലഭിച്ചത്. എന്നാൽ ഈ വർഷം മുതൽ പരീക്ഷ നടത്തിപ്പുകൾ സാധാരണ നിലയിലായിരിക്കുമെന്ന് പരീക്ഷാ റെഗുലേറ്റർ അറിയിച്ചു കഴിഞ്ഞു .
2022 – ൽ നടന്ന ജിസിഎസ്ഇ പരീക്ഷയിൽ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ വരാൻ സാധ്യതയുള്ള പാഠഭാഗങ്ങളെ കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ ഈ വർഷം ആ നടപടി ഉണ്ടാകില്ല എന്നാണ് വിദ്യാർഥികളെ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും വിദ്യാർത്ഥികളെ സഹായിക്കുന്ന ചില കാര്യങ്ങൾ തുടർന്നും ചെയ്യുമെന്നാണ് പരീക്ഷാ റെഗുലേറ്റർ അറിയിച്ചിരിക്കുന്നത്.
ഇതിൻറെ ഭാഗമായി പരീക്ഷകൾ തമ്മിലുള്ള ഇടവേളകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് വിശ്രമത്തിനും പരീക്ഷകൾക്കായി കൂടുതൽ പഠിക്കുന്നതിനും സമയം പ്രധാനം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇതുകൂടാതെ ജി സി എസ് ഇ വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങളിൽ സൂത്രവാക്യങ്ങളും സമവാക്യങ്ങളും ചോദ്യത്തിന്റെ ഭാഗമായി നൽകാനും തീരുമാനമായിട്ടുണ്ട്. ഇത് സൂത്രവാക്യങ്ങളും സമവാക്യങ്ങളും കുട്ടികൾ കാണാതെ പഠിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും .
Leave a Reply