ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ഉടനീളം വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപനം ഇന്ന് നടക്കും. എ ലെവൽ, റ്റി -ലെവൽ, ബി ടെക് പരീക്ഷകളുടെ ഫലങ്ങളാണ് ഇന്ന് വിദ്യാർത്ഥികൾക്ക് അറിയാൻ സാധിക്കുന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷമാണ് പൊതുപരീക്ഷകളുടെ അടിസ്ഥാനത്തിൽ യുകെയിൽ വിദ്യാർത്ഥികൾക്ക് ഗ്രേഡുകൾ ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും കോവിഡ് കാരണം പരീക്ഷകൾ റദ്ദാക്കപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും നോർത്തേൺ അയർലണ്ടിലെയും പരീക്ഷാഫലങ്ങളാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. സ്കോട്ട്‌ലൻഡിലെ ഫലപ്രഖ്യാപനം ഓഗസ്റ്റ് 9-ാം തീയതി നടന്നിരുന്നു. 2021 -ൽ 87.30 ശതമാനം കുട്ടികൾ പാസായ സ്ഥാനത്ത് സ്കോട്ട്‌ലൻഡിലെ ഈ വർഷത്തെ വിജയശതമാനം 78.9 ആയിരുന്നു. ഒട്ടേറെ യുകെ മലയാളികളുടെ മക്കളാണ് ഇന്ന് പ്രസിദ്ധീകരിക്കുന്ന പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്. സ്കോട്ട്‌ലൻഡിലെ പോലെ ഗ്രേഡ് പോയിന്റുകളിൽ കുറവുണ്ടാകുമോ എന്ന് ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും .