മാസങ്ങളായുള്ള ചൂടിന് ആശ്വാസമേകി വേനല്‍മഴ എത്തി. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് പലയിടത്തും ഇടിയോടുകൂടിയ മഴ പെയ്യുകയാണ്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.
തെക്കന്‍ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ശക്തമായ ഇടിയോട് കൂടി മഴ തുടരും.
ഈ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. നാളെ പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
മൂന്നാർ കുണ്ടള ഡാമിന്റെ ഷട്ടർ തുറന്നു.വൃഷ്ടി പ്രദേശത്ത് ശക്തമായ വേനൽ മഴ പെയ്തതിനെത്തുടർന്ന് കുണ്ടള ഡാമിൽ ജലനിരപ്പ് ഉയരുകയായിരുന്നു.അഞ്ച് ക്യുമെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.അതേസമയം ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുമ്പോഴാണ് കുണ്ടള അണക്കെട്ട് അതിവേഗം നിറഞ്ഞത്.
1758.69 മീറ്റര്‍ ആണ് കുണ്ടള അണക്കെട്ടിന്റെ സംഭരണശേഷി. നീരൊഴുക്ക് വര്‍ദ്ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെയാണ് ഇന്ന് ഷട്ടര്‍ ഉയര്‍ത്തിയത്.
കൊടും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്നും നാളെയും വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിലും രണ്ട് ഡിഗ്രി വരെ കൂടിയേക്കാം.
രാജ്യത്ത് ഇക്കുറി ശരാശരി മഴ ലഭിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചുവെങ്കിലും കാലവര്‍ഷം കുറയും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം ഇന്ത്യന്‍ ഉപഭൂഖണ്ഡലത്തിലെ മഴയുടെ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് സ്‌കൈമറ്റ് ഇന്ന് പുറത്തു വിട്ട രണ്ടാമത്തെ റിപ്പോര്‍ട്ടിലും പറയുന്നു.
Leave a Reply