”പതിനെട്ടാമത്തെ താറാവ്”; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം

”പതിനെട്ടാമത്തെ താറാവ്”; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
November 12 06:06 2017 Print This Article

ഫാ.ബിജു കുന്നയ്ക്കാട്ട്

പരിഹാരമില്ലാത്ത പ്രശ്‌നങ്ങള്‍ എന്നും തലവേദന തന്നെയാണ്. അഴിയാത്ത കുരുക്കുകളായി അവ മുമ്പില്‍ നില്‍ക്കുമ്പോള്‍ പലരും ജീവിതത്തിന്റെ നാല്‍ക്കവലകളില്‍ പകച്ചുനിന്നുപോകാറുണ്ട്. എന്നാല്‍ ചില ബുദ്ധിമാന്മാര്‍ അവയ്ക്കുള്ള പരിഹാരം പറഞ്ഞുതരും. പക്ഷേ അതിനു വ്യത്യസ്ഥമായി ചിന്തിക്കണം. ഈ കഥ കേള്‍ക്കൂ:

വാര്‍ദ്ധക്യത്തിലെത്തി മരിച്ച ഒരു പിതാവ് തന്റെ മൂന്ന് മക്കള്‍ക്കു സമ്പാദ്യമായി കരുതി വച്ചിരുന്നത് 17 താറാവുകളെയാണ്. തങ്ങളുടെ പിതാവിന്റെ മരണശേഷം വില്‍പ്പത്രം കണ്ട മക്കള്‍ അമ്പരന്നു, തങ്ങള്‍ക്കുള്ളത് പതിനേഴ് താറാവുകള്‍ മാത്രം. മൂന്നു മക്കളും അവയെ എങ്ങനെ വീതം വച്ചെടുക്കണം എന്ന നിര്‍ദ്ദേശമായിരുന്നു അവരെ കൂടുതല്‍ കുഴപ്പിച്ചത്: മൂത്ത മകന് 17 താറാവുകളുടെ പകുതി, രണ്ടാമത്തെ മകന് 17 താറാവുകളുടെ മൂന്നില്‍ ഒന്ന്, ഇളയ മകന് 17 താറാവുകളുടെ ഒന്‍പതില്‍ ഒരു ഭാഗം. പല രീതിയില്‍ ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല. പറഞ്ഞിരിക്കുന്നതുപോലെ ചെയ്യണമെങ്കില്‍ ഒരു താറാവിനെയെങ്കിലും മുറിച്ചെടുക്കേണ്ടതായി വരും. അതുശരിയല്ല. എന്തു ചെയ്യണമെന്നറിയാതെ നിന്ന അവര്‍ ഒടുവില്‍ അവരുടെ ഗ്രാമത്തിലെ ജ്ഞാനിയായ ഒരു മനുഷ്യനെ പ്രശ്‌നപരിഹാരത്തിനായി സമീപിച്ചു.

വില്‍പ്പത്രത്തിലെ വിചിത്രമായ സമസ്യ ശാന്തനായി കേട്ട ആ ജ്ഞാനി പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തി. താറാവുകള്‍ പതിനേഴില്‍ നില്‍ക്കുമ്പോളാണ് പ്രശ്‌നം. അദ്ദേഹം തന്റെ കയ്യില്‍ നിന്ന് ഒരു താറാവിനെക്കൂടി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താറാവുകളുടെ എണ്ണം 18. തുടര്‍ന്ന് അദ്ദേഹം വില്‍പ്പത്രം വീണ്ടും വായിച്ചു. ആകെ താറാവുകളുടെ പകുതി മൂത്ത മകന്; 18 ന്റെ പകുതി 9 താറാവുകള്‍ അവനു കൊടുത്തു. രണ്ടാമത്തെ മകന് ആകെ താറാവുകളുടെ മൂന്നില്‍ ഒരു ഭാഗം: 6 താറാവുകള്‍ അവനും കിട്ടി. ഇളയ മകന് ആകെ താറാവുകളുടെ ഒന്‍പതില്‍ ഒരു ഭാഗം: രണ്ടു താറാവുകള്‍ അവനും കിട്ടി. ഇപ്പോള്‍ മൂന്ന് പേര്‍ക്കും കൊടുത്ത താറാവുകള്‍ കൂട്ടി നോക്കിയാല്‍ 9+6+2= 17. ആദ്യം ഉണ്ടായിരുന്ന കൃത്യം എണ്ണം താറാവുകള്‍. വീതം വെയ്പ് കഴിഞ്ഞപ്പോള്‍ ഒരു താറാവു ബാക്കി. സുഗമമായ ഭാഗം വെയ്പിനായി ജ്ഞാനിയായ ആ മനുഷ്യന്‍ കൂട്ടിച്ചേര്‍ത്ത അദ്ദേഹത്തിന്റെ താറാവിനെ അദ്ദേഹത്തിനു തന്നെ തിരിച്ചുകിട്ടി. പ്രശ്‌നത്തിനു പരിഹാരവും കണ്ടു.

പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളുമില്ലാത്ത ജീവിതങ്ങളില്ല. പ്രശ്‌നമുണ്ടെങ്കില്‍ അതിന് പരിഹാരവുമുണ്ട്. പക്ഷേ, പലപ്പോഴും പരിഹാരം പ്രതീക്ഷിക്കുന്ന അത്ര എളുപ്പമാകണമെന്നില്ല. ചുറ്റുമുള്ളവരുടെ  ജീവിതങ്ങളെ നോക്കി, അവര്‍ക്കൊക്കെ എന്തു സുഖമാണ്, ഒരു ബുദ്ധിമുട്ടും അവര്‍ക്ക് ജീവിതത്തിലില്ലല്ലോ’ എന്ന് പലരും പറയാറുണ്ട്. ‘ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച’ എന്ന ഈ പ്രതിഭാസത്തില്‍ എല്ലാവരും അവനവന്റെ ദുഃഖങ്ങളും പ്രയാസങ്ങളും മാത്രമാണ് വലുതായി കാണുന്നത് എന്ന് മാത്രം. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ സമചിത്തതയോടെ അവയെ എങ്ങനെ പരിഹരിക്കാനാകും എന്നാണ് നാം ചിന്തിക്കേണ്ടത്.

പ്രശ്‌നങ്ങളെ സമീപിക്കുന്ന രീതിയാണ് ഒന്നാമത്തേതും ഏറെ പ്രധാനപ്പെട്ടതും. ചിലര്‍ വളരെ വികാരപരമായി ഇത്തരം കാര്യങ്ങളെ എടുക്കുകയും ആദ്യത്തെ ശ്രമത്തിനുശേഷം മടുത്തുപേക്ഷിക്കുകയും ചെയ്യാറുണ്ട്. എത്ര അധ്വാനിച്ചിട്ടായാലും മുന്നില്‍ നില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന ഉറച്ച തീരുമാനം മനസിലുണ്ടെങ്കില്‍ പിന്നെ അതിനെ എങ്ങനെ പരിഹരിക്കാമെന്ന് ശാന്തമായി ആലോചിക്കുകയാണ് വേണ്ടത്. ജ്ഞാനിയായ ആ മനുഷ്യന്‍ തന്റെ മുന്നിലെത്തിയ പ്രശ്‌നത്തിന് പരിഹാരം കണ്ടത് അങ്ങനെയാണ്.

ശാന്തമായി ചിന്തിക്കുകയും സമചിത്തതയോടെ പ്രശ്‌നങ്ങളെ സമീപിക്കുകയും ചെയ്യുന്നവര്‍ക്ക് വ്യത്യസ്ഥമായ വഴികള്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കും പതിവുശൈലി വിട്ട് ചിന്തിക്കേണ്ടിയിരിക്കുന്നു. ”Think out of the box’ എന്ന ഇംഗ്ലീഷ് ശൈലിയുടെ അര്‍ത്ഥത്തില്‍ തന്നെ. ഏതു പ്രശ്‌നങ്ങള്‍ക്കും വളരെ ‘സ്മാര്‍ട്ട്’ ആയ ഉത്തരങ്ങള്‍ നല്‍കുന്നവരാണ് ഇന്നത്തെ ആധുനിക മാനേജ്‌മെന്റ് യുഗത്തില്‍ അംഗീകാരം നേടുന്നത്.

നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവരെത്തന്നെ സമീപിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. തങ്ങള്‍ക്ക് ഇത് പരിഹരിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ആ മൂന്നു മക്കളും അവിടെത്തന്നെ നിന്നിരുന്നെങ്കില്‍ അവര്‍ക്കാര്‍ക്കും തങ്ങളുടെ പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനാവുമായിരുന്നില്ല. ഇതിന് ഉത്തരം കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും യോജിച്ച ആളിന്റെ അടുക്കല്‍ തന്നെ അവര്‍ എത്തി എന്നതും ശ്രദ്ധിക്കേണ്ടതാണ്. പല വ്യക്തികളും തങ്ങളുടെ കുടുംബജീവിതത്തിലും സൗഹൃദബന്ധങ്ങളിലും വ്യക്തി ജീവിതത്തിലും താളപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ ‘സ്വയം ചികിത്സ’ നടത്താനും ആരെയും അറിയിക്കാതെ മൂടി വയ്ക്കാനും ശ്രമിക്കുമ്പോള്‍ പ്രശ്‌നത്തിന്റെ കുരുക്കുകള്‍ സ്വയം മുറുക്കുന്നു. എല്ലാകാര്യങ്ങളിലും ‘സ്വയം പര്യാപ്തത’ നേടാനായെന്ന് പറഞ്ഞഭിമാനിക്കുമ്പോള്‍ ഇത്തരം ചില ഇരുണ്ട വശങ്ങള്‍ അതിനുണ്ടെന്നു മറക്കരുത്. സ്വയം പര്യാപ്തത നേടുമ്പോഴും പരസ്പര സഹവര്‍ത്തിത്വത്തിന്റെ ഊഷ്മളത നമുക്ക് പ്രശ്‌നങ്ങളില്‍ കൈത്താങ്ങാകും.

ഈ കഥയിലെ ‘ഹൈലൈറ്റ്’ 18-ാമത്തെ താറാവാണ്. പതിനേഴു താറാവുകള്‍ കീറാമുട്ടിയായി നിന്നപ്പോള്‍ 18-ാമത്തെ താറാവ് ‘ സ്വര്‍ണ്ണ’ത്താറാവായി അവതരിച്ചു. നമ്മുടെ ഏതു പ്രശ്‌നങ്ങളിലും ഒരു ‘പൊതുതാല്‍പര്യവസ്തു’ (Common Ground) വിനെ കണ്ടെത്താനായാല്‍ പരിഹാരമുണ്ടാകാം. 18-ാമതൊരു താറാവു കൂടി വന്നപ്പോള്‍ കണക്കുകൂട്ടലുകള്‍ വളരെ എളുപ്പമായി. നമ്മുടെ അഴിയാപ്രശ്‌നങ്ങളില്‍ ചിലപ്പോള്‍ അറിവുള്ള ഒരാള്‍ തരുന്ന ഒരു ഉപദേശം, എല്ലാവരും അംഗീകരിക്കുന്ന ഒരു ഉപദേശം, എല്ലാവരും അംഗീകരിക്കുന്ന ഒരു വ്യക്തിയുടെ സ്‌നേഹപൂര്‍വ്വമായ ശാസന, ചില സന്ദര്‍ഭങ്ങളില്‍ കൂട്ടത്തില്‍ മുതിര്‍ന്ന ആളോ കുടുംബത്തലവനോ അധികാരിയോ എടുക്കുന്ന ഒരു ഉറച്ച തീരുമാനം, വിട്ടുകൊടുക്കാനും ക്ഷമിക്കാനും സന്നദ്ധമാകുന്ന ഒരു മനസ്സ്, വീടിന്റെ നന്മയ്ക്കായി മാതാപിതാക്കള്‍ എടുക്കുന്ന തീരുമാനം, വേറൊരാളുടെ ന്യായയുക്തമായ അഭിപ്രായത്തെ ബഹുമാനിക്കാനും അംഗീകരിക്കാനും കാണിക്കുന്ന എളിമയുള്ള മനസ്, അധികാരികളോടും മുതിര്‍ന്നവരോടുള്ള അനുസരം ഇങ്ങനെ എന്തുമാകാം നമ്മുടെ പ്രശ്‌നപരിഹാരത്തിനുള്ള Common Ground.

’18-ാമത്തെ അടവ്’ എന്ന് മലയാള ഭാഷയിലൊരു ശൈലിയുണ്ട്. 17 അടവുകളും പയറ്റിയിട്ടും വിജയിക്കാത്തപ്പോള്‍ 18-ാമത്തെ അടവില്‍ വിജയം കാണുന്നു. മുകളില്‍ സൂചിപ്പിച്ച പലതും നമ്മുടെ 18-ാമത്തെ അടവും പ്രശ്‌നപരിഹാരങ്ങള്‍ക്കു വഴിയുമാകട്ടെ. പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ മനസിടിഞ്ഞു നില്‍ക്കാതെ പരിഹാരത്തിന് ’18-മാത്തെ അടവ്’ കണ്ടെത്തി ജീവിതം പ്രകാശപൂരിതമാക്കാന്‍ സാധിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles