ബോളിവുഡ് നടി സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനെത്തിച്ച ഫോണ്‍ ഫോര്‍ ഷോപ്പുടമയ്‌ക്കെതിരെ പൊലീസ് കേസ്. പൊതുറോ‍ഡിൽ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തിരിക്കുന്നത്. എംജി റോഡിൽ ഗതാഗതം തടസപ്പെട്ട സംഭവത്തിൽ ഷോപ്പ് ഉടമയ്ക്കെതിരെയും കണ്ടലറിയാവുന്ന ഏതാനും പേർക്കെതിരെയുമാണ് സെന്‍ട്രല്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അനധികൃതമായി വാഹനം പാർക്ക് ചെയ്തവർക്കു പിഴ ചുമത്തുകയും ചെയ്‌തു.

രാവിലെ 11മണിയോടെ സണ്ണി ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും വേദിയിലേക്കുള്ള റോഡ് ഗതാഗതം ജനബാഹുല്യം മൂലം തടസ്സപ്പെട്ടതോടെ 12.30ഓടെയാണ് സണ്ണി എത്തിയത്. ഇതേത്തുടര്‍ന്ന് ആരാധകര്‍ ബഹളം വയ്‌ക്കുകയും പൊലീസ് ലാത്തി വീശുകയും ചെയ്‌തിരുന്നു.

സണ്ണിയെ കാണുന്നതിനായി ആയിരങ്ങൾ കൊച്ചിയില്‍ എത്തിയിരുന്നു. തിരക്കു മൂലം എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ കണ്ടത്.