ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സെയ്ൻസ്ബറി സൂപ്പർമാർക്കറ്റിന്റെ കാർ പാർക്കിംങ്ങിൽ വച്ച് കാറിലിരുന്ന് മുലയൂട്ടുകയായിരുന്ന തന്നോട് മുലയൂട്ടുന്നത് അവസാനിപ്പിക്കുവാൻ സൂപ്പർമാർക്കറ്റ് സ്റ്റാഫ് ആവശ്യപ്പെട്ടതായി നാലാഴ്ച മാത്രം പ്രായമുള്ള കുട്ടിയുടെ അമ്മ രംഗത്തെത്തിയിരിക്കുകയാണ്. താൻ ചെയ്യുന്നത് അനുചിതമായ കാര്യം എന്നുള്ള നിലയ്ക്കാണ് അവർ സംസാരിച്ചതെന്നും കുഞ്ഞിന്റെ അമ്മയായ ഇരുപത്തഞ്ചുകാരി ബെത് കോൾസ് വ്യക്തമാക്കി. വോർസെസ്റ്റർഷെയറിലെ കിഡ്ഡർമിനിസ്റ്ററിലുള്ള സെയ്ൻസ്ബറി സൂപ്പർമാർക്കറ്റിന് പുറത്ത് വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സൂപ്പർമാർക്കറ്റിൽ വെച്ച് കുഞ്ഞ് കരഞ്ഞ് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പാല് കൊടുക്കാനായി പുറത്ത് കാർ പാർക്കിങ്ങിൽ എത്തി കാറിൽ ഇരിക്കുമ്പോഴായിരുന്നു സൂപ്പർ മാർക്കറ്റ് സ്റ്റാഫ് എത്തി കാറിൽ തട്ടി തന്നോട് നിർത്തുവാൻ ആവശ്യപ്പെട്ടതെന്ന് ബെത് പറഞ്ഞു. കുട്ടിയുടെ മാതാവിന് ഉണ്ടായ നിർഭാഗ്യകരമായ അനുഭവത്തിൽ മാപ്പ് ചോദിക്കുന്നതായി സെയ്ൻസ്ബറി അധികൃതർ ഔദ്യോഗികമായ വാർത്തകുറിപ്പ് പുറത്തിറക്കി. സൂപ്പർമാർക്കറ്റിലെ ചെയ്ഞ്ചിങ് റൂമുകൾ ഉപയോഗിക്കുവാൻ ഇഷ്ടം ഇല്ലാത്തതിനാലാണ് താൻ കാറിലിരുന്നതെന്നും ബെത് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്നോട് മുലയൂട്ടുന്നത് അവസാനിപ്പിക്കണം എന്ന് പറഞ്ഞ നിമിഷത്തിൽ തന്നെ താൻ കരയുവാൻ ആരംഭിച്ചതായും, തനിക്ക് ഈ അനുഭവം വളരെയധികം പ്രയാസം ഉണ്ടാക്കിയതായും ബെത് മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തോടെ തനിക്ക് വീടിനു പുറത്തിറങ്ങുവാനുള്ള ആഗ്രഹം നഷ്ടപ്പെട്ടതായും, അതോടൊപ്പം തന്നെ മുലയൂട്ടുന്നതിനെ കുറിച്ച് താൻ കുറച്ചുകൂടി ബോധവതിയായെന്നും ബെത് പറഞ്ഞു. ബ്രിട്ടനിൽ പൊതുസ്ഥലങ്ങളിൽ എല്ലായിടത്തും മുലയൂട്ടുവാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. നിരവധി പേർ ഈ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും, സ്റ്റാഫുകൾക്ക് കൂടുതൽ ബോധവൽക്കരണ ക്ലാസുകൾ നൽകുമെന്നും സെയ്‌ൻസ്ബറി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.