ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോളിളക്കം സൃഷ്ടിച്ച സാറാ എവറാർഡിൻെറ മരണത്തിൽ പൊലീസ് ഓഫീസർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയായ വെയ്ൻ കൊസെൻസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായാണ് കേസ്. പ്രതിയെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കും.

മാർച്ച് 3 ന് കാണാതായ സാറയുടെ മൃതദേഹം ഒരാഴ്ചയ്ക്കുശേഷം കെന്റിലെ ആഷ്‌ഫോർഡിനടുത്തുള്ള വനഭൂമിയിൽ നിന്ന് ബുധനാഴ്ചയാണ് പോലീസ് കണ്ടെത്തിയത്. ക്ലാഫാമിലെ ലീത്‌വൈറ്റ് റോഡിലുള്ള സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും തൻറെ വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ സാറാ ഹെവാർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം സ്ത്രീ സുരക്ഷയെക്കുറിച്ച് ബ്രിട്ടനിൽ വൻ ചർച്ചയ്ക്ക് വഴി മരുന്നിട്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പല സ്ത്രീകളും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചു. #saraheverard, #TooManyMen ഹാഷ് ടാഗുകളിൽ പങ്കുവെച്ച പല കഥകളും ബ്രിട്ടനിലെ തെരുവീഥികൾ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരല്ല എന്നതിൻെറ നേർക്കാഴ്ചകളാണ്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റക്സിന്റെ കണക്കുകൾ പ്രകാരം 2019 ഏപ്രിലിനും 2020മാർച്ചിനുമിടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 188 സ്ത്രീകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കുറവാണെങ്കിലും തുടർച്ചയായ കോവിഡ് 19 ലോക്ഡൗൺ ആണ് കണക്കുകളിലെ കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പൊതുസ്ഥലങ്ങളിലെ കൊലപാതകങ്ങളിൽ ഏറിയപങ്കും ഇരയാകുന്നത് സ്ത്രീകളാണ് .സ്ത്രീകൾ കൊല്ലപ്പെടുന്ന പകുതിയിലധികം സംഭവങ്ങളിലും കുറ്റവാളികൾ അവരുടെ പങ്കാളിയോ മുൻ പങ്കാളിയോ ആണ്.

ഓരോ സ്ത്രീയ്ക്കും നമ്മുടെ തെരുവുകളിൽ സുരക്ഷിതത്വം അനുഭവിക്കാൻ ആകണം എന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കാൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് അവർ ഉറപ്പു നൽകി. ഈ അവസരത്തിൽ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചതിന് സ്ത്രീകളെ അവർ പ്രശംസിക്കുകയും ചെയ്തു. സാറയുടെ കൊലപാതകത്തിനോട് ബന്ധപ്പെട്ട് അറസ്റ്റിലായത് ഒരു മെട്രോപൊളിറ്റൻ പോലീസ് ഓഫീസർ ആണെന്നത് സംഭവത്തിൻെറ ഗൗരവം പതിന്മടങ്ങ് വർദ്ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. സംരക്ഷിക്കേണ്ട പോലീസ് തന്നെ കുറ്റവാളിയായതിൻെറ ഞെട്ടൽ ബ്രിട്ടനിലെങ്ങുമുണ്ട്.