ന്യൂഡൽഹി: ദേശീയ തലത്തിൽ ചർച്ച് ആക്ട് കൊണ്ടു വരാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ റോഹിങ്ടൻ നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നിയമം നിർമ്മിക്കാൻ സർക്കാരിനോട് നിർദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ ചർച്ച് ആക്ട് നിലവിലുണ്ടെന്നും ദേശീയ തലത്തിൽ ചർച്ച് ആക്ട് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഗുഡല്ലൂർ എം ജെ ചെറിയാനും മറ്റ് മൂന്ന് പേരും നൽകിയ റിട്ട് ഹർജി ആണ് സുപ്രീം കോടതി തള്ളിയത്. 2009-ൽ അന്നത്തെ കേരള നിയമപരിഷ്കാരക്കമ്മീഷൻ ചെയർമാൻ ആയിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരാണ് ചർച്ച് ആക്ടിന് രൂപം നൽകിയത്. ഇടവക അംഗങ്ങൾ യോഗം ചേർന്ന് തെരെഞ്ഞെടുക്കുന്നവർ സഭയുടെ ത്രിതല ട്രസ്റ്റുകളെ ഭരിക്കുന്ന സംവിധാനമാണ് ചർച്ച് ആക്ടിലൂടെ ലക്ഷ്യം ഇട്ടിരുന്നത്. എന്നാൽ ചർച്ച് ആക്ട് നടപ്പിലാകുന്നതിനെ കെ സി ബി സി ശക്തമായി എതിർത്തിരുന്നു.
നിലവിൽ പല സംസ്ഥാനങ്ങളിലും ചർച്ച് ആക്ട് ഉണ്ടെങ്കിലും കേരളത്തിൽ അത്തരമൊരു നിയമമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേരളത്തിൽ പാസാക്കണമെന്നാവശ്യപ്പെട്ടപ്പോൾ അത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഒഴിഞ്ഞു. ഈ സാഹചര്യത്തിലാണ് റിട്ട് ഹർജി ഫയൽ ചെയ്തതെന്നും ഹർജിക്കാർ വ്യക്തമാക്കി.
Leave a Reply