ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും സ്‌കോട്‍ ലൻഡിലും ഉൾപ്പെടെ ഏകദേശം പത്ത് ലക്ഷം യുവാക്കൾക്ക് മെനിംജൈറ്റിസ് ബി വാക്‌സിൻ നൽകാൻ ബ്രിട്ടീഷ് ആരോഗ്യ അധികൃതർ തീരുമാനം എടുത്തു. കെന്റിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത രാജ്യത്തെ ഏറ്റവും വലിയ മെനിംജൈറ്റിസ് ബി വ്യാപനവും ഡോർസെറ്റിലെ വെയ്‌മൗത്ത്, ബെർക്ക്‍ഷെയറിലെ റീഡിംഗ് എന്നിവിടങ്ങളിലെ അസാധാരണ ക്ലസ്റ്ററുകളും ആരോഗ്യ വകുപ്പിനെ ജാഗ്രതയിലാക്കിയതോടെയാണ് ഈ നടപടി. സർവകലാശാലകളിലും ഹോസ്റ്റലുകളിലും ആദ്യമായി പ്രവേശിക്കുന്ന 18 മുതൽ 25 വയസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് പ്രധാനമായും വാക്‌സിൻ ലഭിക്കുന്നവർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിവർപൂളിലെ സർവകലാശാല വിദ്യാർത്ഥിയായിരുന്ന 18 കാരൻ ആരോൺ മിൽസ് മെനിംജൈറ്റിസ് ബാധിച്ച് മരിച്ചതും വിഷയത്തെ കൂടുതൽ ഗൗരവതരമാക്കി. സാധാരണ ഫ്‌ളൂ പോലുള്ള ലക്ഷണങ്ങളോടെയായിരുന്നു അസുഖത്തിന്റെ തുടക്കം. എന്നാൽ പിന്നീട് ഗുരുതരാവസ്ഥയിലേക്കു മാറുകയായിരുന്നു. നിലവിൽ കൗമാരക്കാർക്ക് നൽകുന്ന MenACWY വാക്‌സിൻ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കില്ലെന്നതാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചുംബനം, പാനീയങ്ങൾ പങ്കിടൽ, ഒന്നിച്ചുള്ള താമസം തുടങ്ങിയവ വഴി രോഗാണു പകരാൻ സാധ്യത കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ജൂലൈ മുതൽ രണ്ട് ഡോസ് വീതം നൽകുന്ന പ്രത്യേക ക്യാംപെയ്‌നാണ് ബ്രിട്ടനിൽ ആരംഭിക്കുന്നത്. ശിശുക്കൾക്ക് പതിവായി നൽകുന്ന ബെക്സെറോ വാക്‌സിൻ മെനിംജൈറ്റിസ് ബി രോഗബാധ 75 ശതമാനം വരെ കുറച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. പനി, ഛർദ്ദി, കടുത്ത തലവേദന, കഴുത്ത് മുറുകൽ, വെളിച്ചത്തോടുള്ള അസഹിഷ്ണുത, മയക്കം, ഫിറ്റ്സ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തിര ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.