Car accident
ലണ്ടന്‍: എഡിന്‍ബറോ ഡ്യൂകും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായി പ്രിന്‍സ് ഫിലിപ്പ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവര്‍ തലകീഴായി മറിഞ്ഞു. അതേസമയം അപകടത്തില്‍ പ്രിന്‍സ് ഫിലിപ്പിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രിന്‍സ് ഫിലിപ്പിന്റെ വാഹനവുമായി കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ട്. ഇവരെ കിംഗ്‌സ് ലെയ്‌നിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സാന്‍ഡ്രിഗ്രഹാം എസ്‌റ്റേറ്റിന് സമീപത്ത് കൂടെ സഞ്ചരിക്കുകയായിരുന്ന പ്രിന്‍സ് ഫിലിപ്പിന്റെ ലാന്‍ഡ് റോവറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അപകടം നടന്നുയടന്‍ സ്ഥലത്തേക്ക് എത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസെത്തി പ്രിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് പരിഭ്രാന്തനായിട്ടായിരുന്നു പ്രിന്‍സ് ഫിലിപ്പ് കാണപ്പെട്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു. വാഹനം തലകീഴായി മറിഞ്ഞിട്ടും 97കാരനായ പ്രിന്‍സ് ഫിലിപ്പിന് അപകടമൊന്നും പറ്റാത്തത് അദ്ഭുതകരമാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ആരോഗ്യവിവരം തിരക്കി രംഗത്ത് വന്നിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ശ്വാസ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുകൂട്ടരും യാതൊരു ലഹരിയുടെയും സ്വാധീനത്തിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രിന്‍സ് ഫിലിപ്പിന് കൈയ്യില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സ് ഉണ്ടായിരുന്നതായി ബെക്കിംഗ്ഹാം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യു.കെയില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എല്ലാ മൂന്ന് വര്‍ഷവും ലൈസന്‍സ് പുതുക്കി വാങ്ങേണ്ടതുണ്ട്. നിയമലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക പോലീസ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
ന്യൂസ് ഡെസ്ക്  ലണ്ടനിലുണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു. ഹൺസ്ളോ സെൻറ് ജോൺസ് മാർ തോമ്മാ ചർച്ച് മെമ്പർ ആയ രാജീവ് മാത്യു (37) ആണ് അപകടത്തിൽ പെട്ടത്. ബാൻബറിയിലാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഗുജറാത്തിലെ ബറൂച്ചിൽ ഉള്ള രാജീവിന്റെ കുടുംബത്തെ പോലീസ്  ലണ്ടനിൽ നിന്നും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.41 നാണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകുന്നതിനായുള്ള നടപടികൾ പോലീസുമായി ബന്ധപ്പെട്ട് മാർ തോമ്മാ ചർച്ച്  സ്വീകരിച്ചു വരികയാണെന്ന് വികാരി റവ. ഷിബു കുര്യൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. രാജീവിന്റെ പത്നി ശിൽപാ തങ്കം ജോയിയും മകൾ അനുഷ്ക സൂസൻ രാജീവും ഗുജറാത്തിലെ ബറൂച്ചിലാണ് താമസിക്കുന്നത്. രാജീവ് മാത്യൂവിന്റെ അകാല വിയോഗത്തിൽ മലയാളം യു കെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
ലണ്ടന്‍: നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് പാഞ്ഞു കയറി മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഹാരി റൈസ്, ജോഷ് കെന്നഡി, ജോര്‍ജ് വില്‍ക്കിന്‍സണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂട്ടുകാരന്റെ പതിനാറാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട സൂഹൃത്തുക്കളായ മൂന്നു പേരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അപകട സമയത്ത് റോഡിന് സമീപത്തായി നില്‍ക്കുകയായിരുന്നു മൂന്നു പേരും. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. മൂവരും അപകട സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. എം4 മോട്ടോര്‍വേയില്‍ ഹേയ്‌സിനു സമീപം ഷെപിസ്റ്റണ്‍ ലെയിനില്‍ വെള്ളിയാഴ്ച രാത്രി 8.41നായിരുന്നു സംഭവമുണ്ടായത്. അപകടമുണ്ടാക്കിയ ഒാഡി കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോര്‍ത്ത് ലണ്ടന്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടിച്ച വാഹനം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമേ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പൊലീസ് വക്താവ് അറിയിച്ചു. തെളിവെടുപ്പുകള്‍ നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാറില്‍ ഡ്രൈവറെ കൂടാതെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി സംശയമുണ്ട്. ഇയാള്‍ അപകടത്തിനു ശേഷം രക്ഷപ്പെട്ടതായി മെറ്റ് പോലീസ് സൂചന നല്‍കിയെങ്കിലും സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. കുട്ടികളുടെ മരണവിവരം വലിയ ആഘാതമാണ് അവരുടെ ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത് വിശ്വസിക്കാനാവുന്നില്ലെന്ന് ചിലര്‍ പ്രതികരിച്ചു. മരണപ്പെട്ടവരോടുള്ള ആദര സൂചകമായി സ്‌കൂളിലെ മറ്റു കുട്ടികള്‍ വെളുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു. നൂറുക്കണക്കിന് ആളുകളാണ് പൂക്കളും ബലൂണുകളുമായി അപകട സ്ഥലത്തെത്തി മരണപ്പെട്ട കുട്ടികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.
RECENT POSTS
Copyright © . All rights reserved