ന്യൂഡല്‍ഹി: ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. പരിപാടിയില്‍ താന്‍ ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ബെയര്‍ ഗ്രില്‍സിന് അത് എങ്ങനെ മനസ്സിലായി എന്നാണ് നരേന്ദ്ര മോദി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും സംശയമുള്ള കാര്യമാണിത്. ഞാന്‍ പറഞ്ഞ ഹിന്ദി എങ്ങനെയാണ് ബെയര്‍ ഗ്രില്‍സിന് മനസ്സിലായത് എന്നാണ് എല്ലാവരും സംശയിക്കുന്നത്. എന്നാല്‍, അതിനുള്ള ഉത്തരം ‘ടെക്‌നോളജി’ എന്നാണെന്ന് നരേന്ദ്ര മോദി പറയുന്നു. ‘മന്‍ കി ബാത്ത്’ പരിപാടിയിലാണ് നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍.

ഗ്രിൽസിനൊപ്പം ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ നടത്തിയ യാത്രയിൽ ഇരുവർക്കുമിടയിൽ ആശയവിനിമയം എളുപ്പമാക്കാന്‍ നൂതനസാങ്കേതികത എത്രമാത്രം ഉപകാരപ്രദമായി എന്നാണ് നരേന്ദ്ര മോദി വെളിപ്പെടുത്തിയത്. സാങ്കേതിക വിദ്യയാണ് തങ്ങൾക്കിടയിലെ ആശയവിനിമത്തിൽ ഒരു പാലമായി നിന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഗ്രിൽസ് ചെവിയിൽ ചെറിയൊരു ഉപകരണം ഘടിപ്പിച്ചിരുന്നു. ഹിന്ദിയിൽ സംസാരിക്കുന്നത് ഉടൻ തന്നെ ഈ ഉപകരണം ഇംഗ്ലിഷിലേക്കു തർജമ ചെയ്തു നൽകും. ചെവിയിൽ ഘടിപ്പിച്ച ഉപകരണം ഉപയോഗിച്ച് ഞാൻ ഹിന്ദിയിൽ പറയുന്നത് ഗ്രിൽസിന് ഇംഗ്ലീഷിൽ കേൾക്കാൻ സാധിച്ചു എന്നും നരേന്ദ്ര മോദി പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യനായിരുന്നുവെന്ന് ബെയര്‍ ഗ്രില്‍സ് പറഞ്ഞിരുന്നു. ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ അവതാരകനാണ് ബെയര്‍ ഗ്രില്‍സ്. ഇദ്ദേഹത്തിനൊപ്പമാണ് നരേന്ദ്ര മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തത്. മോദിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെയര്‍ ഗ്രില്‍സ് മോദിയെ പുകഴ്ത്തി സംസാരിച്ചത്.

  നെല്ലിയമ്പം ഇരട്ടക്കൊലപാതകം; മൂന്നു മാസക്കാലം ഒരു പ്രദേശത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ ദാരുണസംഭവത്തിന് ഒടുവില്‍ ചുരുളഴിഞ്ഞു, പ്രതിയെ കുടുക്കിയ വഴികളിലൂടെ......

”മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്ര മോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളില്‍ നിന്ന് ചെറിയ പാറക്കല്ലുകള്‍ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാല്‍, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്,” ബെയര്‍ ഗ്രില്‍സ് പറഞ്ഞു.

നരേന്ദ്ര മോദി വളരെ എളിയവനാണ്. യാത്രയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. രഹസ്യ സംഘത്തിലെ സഹായകര്‍ നരേന്ദ്ര മോദിക്ക് ഒരു കുട എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, മോദി കുട വേണ്ട എന്ന് പറഞ്ഞു. മാത്രമല്ല, തനിക്ക് കുഴപ്പമൊന്നുമില്ല എന്നും മോദി അവരോട് പറഞ്ഞു. കനത്ത മഴയുണ്ടായിരുന്നു. മാത്രമല്ല, ശരീരമൊക്കെ തണുത്ത് വിറക്കുന്ന തരത്തിലുള്ള തണുപ്പും. എന്നാല്‍, അപ്പോഴെല്ലാം മോദിയുടെ മുഖത്ത് ചിരിയുണ്ടായിരുന്നുവെന്നും ബെയര്‍ ഗ്രില്‍സ് പറഞ്ഞു.