സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടൻസ് ഗോട്ട് ടാലന്റിൽ അസാമാന്യ പ്രകടനവുമായി മലയാളി പെൺകുട്ടി. ബറിയിലെ സെബർട്ട് വുഡ് കമ്മ്യൂണിറ്റി പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയായ 10 വയസ്സുകാരി സൗപർണിക നായർ ശനിയാഴ്ച രാത്രി ഐടിവി ഷോയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിനു – രഞ്ജിത ദമ്പതികളുടെ മകളായ സൗപർണിക മികച്ച ഗായികയാണ്. യുകെയിൽ വിവിധ സംഗീത പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സൗപർണിക ഇതിനോടകം തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. സൈമൺ കോവെൽ , അമൻഡാ ഹോൽഡൻ, അലിഷ ഡിക്സൺ, ഡേവിഡ് വില്യംസ് എന്നിവരായിരുന്നു ഈ പരിപാടിയിലെ വിധികർത്താക്കൾ. ജൂഡി ഗാർലൻഡിന്റെ ‘ട്രോളി സോംഗ്’ ആലപിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും കോവെൽ സൗപർണികയോട് മറ്റൊരു ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഷോമാൻ’ ഗാനം അവതരിപ്പിക്കാൻ സൗപർണികയ്ക്ക് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വിധികർത്താക്കളുടെയും സദസ്സിന്റെയും മനസ്സ് കീഴടക്കിയാണ് അവൾ ഗാനം ആലപിച്ചത്. വിധികർത്താക്കൾ എഴുന്നേറ്റു നിന്ന് കയ്യടിച്ച് സൗപർണികയെ പ്രശംസിച്ചു. ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോകളിലെ പ്രശസ്തനായ ജഡ്ജി സൈമൺ കോവലിനെ അത്ഭുതപ്പെടുത്തുന്ന പ്രകടമാണ് സൗപർണിക കാഴ്ചവെച്ചത്.[ot-video][/ot-video]

കുട്ടിക്ക് പത്തു വയസ് ഉള്ളെങ്കിലും ഒരു പ്രൊഫഷനലിനെ പോലെയാണ് വേദിയിൽ നിന്ന് പാടിയതെന്ന് ഡിക്‌സൺ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ അതിഗംഭീരമായാണ് സൗപർണിക ഗാനം ആലപിച്ചതെന്ന് വിധികർത്താവായ കോവെൽ പറഞ്ഞു. സ്റ്റേജിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാവരും തനിക്കുവേണ്ടി കയ്യടിക്കുന്നത് കണ്ടുവെന്നും അത് കൂടുതൽ സന്തോഷം നൽകിയെന്നും അവതാരകരായ ആന്റിനോടും ഡെക്കിനോടും സൗപർണിക പറഞ്ഞു. അതേസമയം സൗപർണിക ആദ്യം പാടിയ ഗാനം നിർത്താൻ കോവെൽ ആവശ്യപ്പെട്ടത് പ്രേക്ഷകരുടെ ഇടയിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയരുന്നതിന് കാരണമായി. പത്തു വയസ്സുള്ള കുട്ടിയോട് അങ്ങനെ പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന് പലരും ചോദിച്ചു. എങ്കിലും രണ്ടാമത്തെ ഗാനം പാടി വിധികർത്താക്കളെയും പ്രേക്ഷകരെയും കയ്യിലെടുത്തു ഈ കൊച്ചുമിടുക്കി.ബിബിസി വണ്ണിന്റെ മൈക്കൽ മെക്കെന്റെർ ഷോയിലും സൗപർണിക പങ്കെടുത്തിട്ടുണ്ട്. ആ പ്രകടനത്തിലൂടെ യുകെയിലെ സംഗീതപ്രേമികള്‍ക്കിടയില്‍ ലഭിച്ച പ്രശസ്തി ഇവിടുത്തെ മറ്റ് ടിവി സംഗീത പ്രോഗ്രാമുകളിലും സൗപര്‍ണികയ്ക്കായി നിരവധി അവസരങ്ങള്‍ക്കു വഴിതുറന്നിട്ടുണ്ട്. സൗപര്‍ണിക നായര്‍ എന്ന യു ട്യൂബ് ചാനലും ഈ കൊച്ചുമിടുക്കിയ്ക്കുണ്ട്. രണ്ടര ദശലക്ഷം കാഴ്ചക്കാരും ഏഴായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമാണ് ഈ ചാനലിനുളളത്. ബറിയിലെ സീബര്‍ട് വുഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സൗപര്‍ണിക. മിഡില്‍സ്ബറോ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആയ ബിനു നായരുടെയും നര്‍ത്തകിയായ രഞ്ജിത ചന്ദ്രന്റെയും മകളാണ് സൗപര്‍ണിക. കര്‍ണാട്ടിക് സംഗീതത്തില്‍ ഏറെ വര്‍ഷം പരിശീലനം നടത്തിയ കൊല്ലം സ്വദേശിയായ ബിനു തന്നെയാണ് സൗപര്‍ണികയുടെ ആദ്യ ഗുരു. ദക്ഷിണ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ബിനു കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത ഉപാസകന്‍ ഡോ. റോബിന്‍ ഹാരിസന്റെ കീഴിലാണ് സൗപര്‍ണികയുടെ സംഗീത പഠനം. ബ്രിട്ടൻസ് ഗോട്ട് ടാലന്റിലെ സൗപർണികയുടെ ഗംഭീര പ്രകടനം അവൾക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുത്തിരിക്കുകയാണ്.

[ot-video][/ot-video]