തിരക്കേറിയ റോഡിലൂടെ ഓട്ടോപൈലറ്റ് ടെക്‌നോളജി ഉപയോഗിച്ച് വാഹനമോടിച്ചതിന് ഇന്ത്യന്‍ വംശജന്റെ ഡ്രൈവിംഗ് ലൈസന്‍സ് 18 മാസത്തേക്ക് കോടതി റദ്ദാക്കി. ഭവേഷ് പട്ടേല്‍ എന്നയാള്‍ക്കാണ് സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോര്‍ട്ട് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇത് കൂടാതെ കോടതി ചെലവിലേക്ക് 1800 പൗണ്ടും 100 മണിക്കൂര്‍ വേതനമില്ലാ ജോലിയും ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്. 2017 മെയ് 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എം1 നോര്‍ത്ത്ബൗണ്ട് ക്യാരേജ് വേയിലൂടെ തന്റെ ടെസ്ല എസ് 60 നില്‍ യാത്ര ചെയ്യുകയായിരുന്ന പട്ടേല്‍ കാറിന്റെ ഓട്ടോപൈലറ്റ് സംവിധാനം ഉപയോഗിച്ചുവെന്നതാണ് ആരോപിക്കപ്പെട്ടിരുന്ന കുറ്റം. കാര്‍ ഓട്ടോപൈലറ്റ് മോഡിലിട്ട പട്ടേല്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് മാറി യാത്രക്കാരന്റെ സീറ്റില്‍ ഇരിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
എം1 പാതയില്‍ തിരക്കേറിയ സമയത്താണ് പട്ടേലിന്റെ സാഹസമെന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഡ്രൈവിംഗ് സീറ്റില്‍ ആളില്ലാതെ വാഹനം മുന്നോട്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ സംഭവം മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തു. തുടര്‍ന്ന് ഇയാള്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് ഇക്കാര്യം അറിയുന്നത്. ഗുരുതരമായ ഗതാഗത നിയമലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കേസില്‍ പട്ടേല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. പട്ടേല്‍ പുതിയ ആഢംബര കാര്‍ സ്വന്തമാക്കി വെറും 5 മാസങ്ങള്‍ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു. എന്നാല്‍ റോഡിലെ സാഹസം ഇയാളെ കുടുക്കുകയായിരുന്നു.
ഏതാണ്ട് 70,000 പൗണ്ട് വിലയുള്ള കാറാണ് ടല്‍സ എസ് 60. പട്ടേല്‍ ഓട്ടോപൈലറ്റ് മോഡില്‍ വാഹനം 40 മൈല്‍ വേഗതയിലാണ് ഓടിച്ചുകൊണ്ടിരുന്നത്. കാറിലെ ഓട്ടോപൈലറ്റ് സംവിധാനം എപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല. ഡ്രൈവിംഗ് സീറ്റില്‍ നിന്ന പട്ടേല്‍ മാറിയിരുന്നതോടെ കാറിന്റെ നിയന്ത്രണം ഇയാള്‍ക്ക് പൂര്‍ണമായും നഷ്ടമായിരിന്നു. ഇത്തരം അശ്രദ്ധമായ സാഹസങ്ങള്‍ അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ അശ്രദ്ധ ഇയാളുടെ മാത്രമല്ല റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു വ്യക്തികളെയും അപകടത്തിലാക്കുമെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. കോടതി വിധിച്ച ശിക്ഷയില്‍ നിന്ന് പാഠം ഉള്‍കൊണ്ട് പട്ടേല്‍ തെറ്റ് മനസിലാക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply