ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിങ്ഹാമിൽ വച്ച് നടത്തപ്പെട്ട മൂന്നാമത് ബൈബിൾ കലോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷ്യം നിർത്തി ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ അപ്പസ്തോലേറ്റ് കമ്മീഷനാണ് ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്ന ചുമതല. ബൈബിൾ അപ്പസ്തോലേറ്റ് കമ്മീഷൻ ചെയർമാൻ ഫാ. ജോർജ് എട്ടുപറയിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.

കുട്ടികളുമായി സംവേദിക്കേണ്ടതിന്റെ ആവശ്യകത തൻറെ ഉദ്ഘാടനപ്രസംഗത്തിൽ മാർ . ജോസഫ് സ്രാമ്പിക്കൽ ചൂണ്ടിക്കാട്ടി. കുട്ടികളാണ് സഭയുടെയും , സമൂഹത്തിന്റെയും നാളെയുടെ വാഗ്ദാനങ്ങൾ . കുട്ടികൾക്ക് കൂടുതലായി മനസ്സിലാക്കുന്നതിനായി തന്റെ പ്രസംഗത്തിലുടനീളം ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിച്ചത് . ബൈബിൾ വായന ജീവിതചര്യയാക്കണമെന്ന് മാർ.ജോസഫ് സ്രാമ്പിക്കൽ കുട്ടികളെ ഉപദേശിച്ചു. ഈശോയോട് സംസാരിക്കാനും , സംവേദിക്കാനും ബൈബിൾ വായനയിലൂടെ സാധിക്കും.

മൂന്നുവർഷംകൊണ്ട് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന ബൈബിൾ കലോത്സവത്തിന്റെ അവാർഡ് ദാനത്തിന് യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ എത്തിച്ചേർന്നിരുന്നു. ബൈബിൾ കലോത്സവത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയത് പ്രസ്റ്റൺ റീജനാണ്. പ്രസ്റ്റൺ റീജണിൽ ഉൾപ്പെട്ട ലീഡ്സ് സെൻറ് മേരീസ് സീറോ മലബാർ കാത്തലിക് മിഷനാണ് ഏറ്റവും കൂടുതൽ പോയന്റുകൾ സമ്പാദിച്ച മിഷൻ .

ബൈബിൾ കലോത്സവ വിജയികൾക്കു പുറമേ സുവാറ ക്വിസ് , നസ്രാണി ക്വിസ് വിജയികൾക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു . അവാർഡ് ദാന ചടങ്ങിൽ ജോൺ കുര്യൻ സ്വാഗതം ആശംസിക്കുകയും, ഫാ. ജോർജ് എട്ടുപറയിൽ, ആൻറണി മാത്യു തുടങ്ങിയവർ ആശംസകൾ നേരുകയും ചെയ്തു . റോമിൻസ് മാത്യു പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.