ടോം ജോസ് തടിയംപാട്

കഴിഞ്ഞ ദിവസം ഇടുക്കി കളക്റ്ററേറ്റിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനു വേണ്ടി പോയപ്പോൾ ഒരു തെണ്ടിപ്പട്ടി ഇടുക്കി പോലീസ് സൂപ്രണ്ടന്റിന്റെ ഓഫീസിനു നേരെ കാണുന്ന സ്റ്റെപ്പിൽ വളരെ സമാധാനപരമായി കിടന്നുറങ്ങുന്നത് കണ്ടു. ഞാൻ ആ പട്ടിയെ കുറച്ചുസമയം ശ്രദ്ധിച്ചു അതിലെ കടന്നു പോകുന്ന കളക്റ്ററോ പോലീസ് മേധാവിയോ ,മറ്റു ഉന്നത ഉദ്യയോഗസ്ഥരോ ഒന്നും അവന്റെ ഉറക്കത്തിനു തടസ്സമാകുന്നില്ല അവൻ അവരെയൊന്നും തിരിച്ചറിയുന്നില്ല അവരുടെ അധികാര ചിഹ്നങ്ങളും അവനെ ബാധിക്കുന്നില്ല . പഠിക്കുന്ന കാലത്തു പഠിച്ച തെണ്ടിപ്പട്ടി( stray dog )എന്ന കവിത പഠിച്ചതുമുതൽ തെണ്ടിപ്പട്ടിയും അവന്റെ സ്വാതന്ത്ര്യവും എന്റെ ഒരു ഇഷ്ട്ട വിഷയമാണ്. അതുകൊണ്ടു തന്നെ ഫാസിസം പേറുന്ന മതങ്ങളേയും രാഷ്ട്രീയപാർട്ടികളെയും എന്റെ എതിർ ചേരിയിൽ തന്നെ നിർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ..

ഒരു തെണ്ടി പട്ടി എന്ന നിലയിൽ അവനു എല്ലാ അധികാരചിഹ്നങ്ങളും ഒരു പോലെയാണ്. അത് ധരിച്ചവനണെങ്കിലും അല്ലെങ്കിലും അവനിലെ മാനവികത മാത്രാണ് അവനു പ്രധാനം മാനവികതയുള്ള മനുഷ്യൻ അവനെറിഞ്ഞു കൊടുക്കുന്ന ഒരുകഷണം അപ്പവും ഒരു ജീവി എന്ന നിലയിൽ അവനെ പരിഗണിക്കുന്നവരും മാത്രമാണ് അവന്റെ മുൻപിലുള്ള പച്ചത്തുരുത്ത് അവനു അതികൂടുതൽ ഒന്നും ആവശ്യമില്ല . അവൻ സ്വയം പറയുന്നുണ്ടാവും ,ഞാൻ തെണ്ടിപ്പട്ടിയായതു എനിക്കു വേണ്ടിയല്ല ഞാൻ ജന്മനാൽ നേടിയ സ്വാതന്ത്ര്യം നിലനിർത്താനും ഉറപ്പിച്ചെടുക്കാനുമാണെന്ന് , എനിക്ക് എവിടെയും കിടന്നുറങ്ങാം എൻ്റെ യാത്രകൾക്ക് അതിരു നിശ്ചയിക്കാൻ ഈ ഭൂമിയിൽ ആരുമില്ല . ഭരണകൂടങ്ങൾ മാറുന്നത് ഞാൻ അറിയുന്നില്ല . തിരുമേനിമാരോ ,തമ്പ്രക്കാൻമാരോ വരുന്നതും പോകുന്നതും എനിക്കറിയേണ്ടതില്ല . എനിക്ക് ഒരു ദൈവത്തിന്‍റെയും അനുഗ്രഹവും ആവശ്യമില്ല . ഞാൻ നിങ്ങളുടെ മുൻപിലെ അപശകുനങ്ങൾ ആണെന്ന് നിങ്ങൾക്ക് ചിന്തിക്കാം , എൻ്റെ മുൻപിലെ ആകെയുള്ള വിഷയം ഓരോ ദിവസവും ഉണരുമ്പോൾ ഉള്ള വിശപ്പ്‌ മാത്രമാണ്. നിങ്ങൾ എന്നെ പുച്ഛത്തോടെ നോക്കുബോഴും എന്നെ നയിക്കുന്ന പ്രചോദനം ഞാൻ നിങ്ങളെക്കാൾ സ്വതന്ത്രരാണ് എന്നതാണ് . എനിക്ക് ലോകത്ത് എന്ത് സംഭവിച്ചാലും നഷ്ട്ടപ്പെടാൻ ഉള്ളത് എന്റെ ജീവൻ മാത്രമാണ് . എൻ്റെ ദൈനൃത കണ്ടു എനിക്ക് ഭക്ഷണം എറിഞ്ഞു തരുന്ന മനുഷൃരിലൂടെയാണ് ഈ ലോകത്തിന്‍റെ സർവനന്മയും നിലനില്ക്കുന്നത് എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്..എനിക്ക് കാലബോധമില്ല ഞാൻ ഉറക്കം വരുമ്പോൾ ഉറങ്ങും എഴുനേൽക്കേണ്ടപ്പോൾ എഴുനേൽക്കും അതൊക്കെ എന്റെ സ്വാതന്ത്ര്യമാണ് .

ഞാൻ പലപ്പോഴും ഇറച്ചി കടകളുടെ മുൻപിൽ ചെന്നുനിൽക്കുമ്പോൾ എന്നെ ആളുകൾ കല്ലെറിയാറുണ്ട്. പക്ഷെ അവിടെനിൽക്കുന്ന ചില മനുഷ്യർ ഒരു കഷണം ഇറച്ചി എറിഞ്ഞു തരാറുണ്ട്. ഞാൻ കള്ളുഷാപ്പിൽ ചെല്ലുമ്പോൾ എന്നെ തൊഴിച്ചു രസിക്കുന്നവർ ഉണ്ട്. പക്ഷെ അവിടെയും ചിലമനുഷ്യർ എനിക്ക് ഒരു കഷണം ഇറച്ചിയും അൽപ്പം കപ്പയും തരാറുണ്ട് . ഇത്തരം മനുഷ്യരിലാണ് ഞാൻ ഈ ലോകത്തിന്റെ എല്ലാ നന്മകളും കാണുന്നത് .

എനിക്കു വേണമെങ്കിൽ ഒരു യജമാനന്റെ മുൻപിൽ എന്റെ എല്ലാ സ്വാതന്ത്ര്യവും അടിയറ വച്ചു അവനുവേണ്ടി കുരച്ചു ഒരു കൂട്ടിൽ മുതലാളി തരുന്ന ഭക്ഷണം വയറുനിറച്ചു കഴിച്ചു നിങ്ങൾ മനുഷ്യരെപ്പോലെ അടിമയായി ജീവിക്കാം. പക്ഷെ എനിക്ക് മുതലാളിയുടെ സെവൻ കോഴ്സ് ഡിന്നറിനേക്കാൾ ഇഷ്ട്ടം എന്റെ സ്വാതന്ത്ര്യമാണ്. അതുകൊണ്ടാണ് നിങ്ങൾ എന്നെ തെരുവിലും കളക്റ്ററേറ്റു നടയിലും കടത്തിണ്ണയിലും കാണുന്നത് .

അതുകൊണ്ടു തെണ്ടിപട്ടിയായ ഞാൻ സ്വാതന്ത്ര്യ സ്വപ്നത്തിൽ ഇവുടുത്തെ ഏതു രാഷ്ട്രീയ, മത, അടിമകളേക്കാൾ മുൻപിലാലാണെന്നു നിങ്ങളിൽ എത്രപേർക്ക് അറിയാം . സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പരതന്ത്രിയും മാനികൾക്ക് മൃതുവിനേക്കാൾ ഭയാനകം.