മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സംഘം ഡാര്‍ക്ക് വെബ്ബിലൂടെ മയക്കുമരുന്ന് വിറ്റത് ഒരു മില്യന്‍ ഡോളറിന്! എഫ്ബിഐ ആണ് ഇവരെ കീഴടക്കിയത്. ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനില്‍ ഇടപാടുകള്‍ നടത്തിയ സംഘം മയക്കുമരുന്ന് വില്‍പനയില്‍ നിന്ന് ലഭിച്ച തുകകൊണ്ട് ജമൈക്ക, ബഹാമാസ്, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലേക്ക് യാത്രകള്‍ നടത്തുകയും ചെയ്തു. സിറ്റി സെന്ററിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. എക്സ്റ്റസി, എല്‍എസ്ഡി, 2സിബി, കീറ്റാമിന്‍ മുതലായവയുടെ കച്ചവടമാണ് നടത്തിയിരുന്നത്.

യൂറോപ്പിലും അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, തുടങ്ങിയ രാജ്യങ്ങളിലേക്കും ഇവര്‍ മയക്കുമരുന്നുകള്‍ എത്തിച്ചു. ബ്രേക്കിംഗ് ബാഡ് എന്ന കള്‍ട്ട് ടിവി ഷോയിലെ വാള്‍ട്ടര്‍ വൈറ്റ് എന്ന അധ്യാപക കഥാപാത്രമായിരുന്നു ഇവരുടെ മാതൃക. ഫാര്‍മക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗ്, ജിയോളജി, മാര്‍ക്കറ്റിംഗ് തുടങ്ങിയവയിലെ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ബക്കിംഗ്ഹാംഷയര്‍ സ്വദേശിയായ മുന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ബേസില്‍ അസാഫ് എന്ന 26കാരനായിരുന്നു സംഘത്തിന്റെ തലവന്‍.

മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ഇയാള്‍ക്കും സഹായികളായ മറ്റ് നാല് പേര്‍ക്കും ദീര്‍ഘകാല തടവ് വിധിച്ചു. ഡാര്‍ക്ക് വെബ്ബിലെ അധോലോക മാര്‍ക്കറ്റായ സില്‍ക്ക് റോഡില്‍ അക്കൗണ്ട് ഉണ്ടാക്കിയത് അസാഫ് ആണ്. രണ്ടര വര്‍ഷത്തോളം ഇവിടെ സംഘം ഇടപാടുകള്‍ നടത്തി. എഫ്ബിഐ പിന്നീട് ഇത് കണ്ടെത്തി അടച്ചുപൂട്ടുകയായിരുന്നു. ബെല്‍ജിയം, ചൈന, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവര്‍ നടത്തിയ വ്യാപാരത്തിന്റെ മൂല്യം 1.14 മില്യന്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നതെങ്കിലും വ്യാപാരം ബിറ്റ്‌കോയിനില്‍ ആയതിനാല്‍ ഇത് അതിലും എത്രയോ ഇരട്ടി അധികമായിരിക്കുമെന്ന്  അധികൃതര്‍ പറയുന്നു. 2007ല്‍ ബിറ്റ്‌കോയിന്‍ മൂല്യം 1000 ശതമാനം വരെ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍, സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ ഇവയ്ക്കു മേല്‍ ഇല്ലാത്തതിനാല്‍ കണക്കില്ലാത്ത പണമാണ് ഇവര്‍ സമ്പാദിച്ചത്.

2011 മെയ് മുതല്‍ 2013 ഒക്ടോബര്‍ വരെയാണ് ഇവര്‍ വ്യാപാരം നടത്തിയത്. 2,40,000 എക്സ്റ്റസി ടാബ്ലറ്റുകള്‍ ഇവര്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതിന്റെ മൂല്യം മാത്രം 7,50,000 പൗണ്ട് വരുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയെ അറിയിച്ചു. മയക്കുമരുന്നുകളുടെ ചിത്രങ്ങളും വിവരണവും വിലയും സില്‍ക്ക് റോഡില്‍ പരസ്യം ചെയ്തുകൊണ്ടായിരുന്നു ഇവര്‍ കച്ചവടം നടത്തിയത്. എഫ്ബിഐ സില്‍ക്ക് റോഡില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. എഫ്ബിഐ ഐസ്ലാന്‍ഡിലെ സെര്‍വറുകള്‍ പിടിച്ചെടുത്ത ശേഷം നാഷണല്‍ ക്രൈം ഏജന്‍സി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ വംശജനായ ഫാര്‍മക്കോളജി വിദ്യാര്‍ത്ഥി ജയ്കിഷന്‍ പട്ടേലും സംഘത്തില്‍ അംഗമായിരുന്നു. ഡ്രഗ് ഡീലിംഗ് ഫാക്ടറി എന്ന് അറിയപ്പെട്ടിരുന്ന ഫ്‌ളാറ്റില്‍ നിന്ന് ഡാര്‍ക്ക് വെബ്ബില്‍ ഇടപാടുകള്‍ നടത്താന്‍ ഉപയോഗിച്ച ലാപ്‌ടോപ്പ്, ആയിരക്കണക്കിന് പൗണ്ട്, എല്‍എസ്ഡ്, എക്സ്റ്റസി, 2സിബി, കീറ്റാമിന്‍, ഡയസെപാം തുടങ്ങിയവ കണ്ടെടുത്തു. സാധാരാണ വിദ്യാര്‍ത്ഥികളേക്കാള്‍ സമ്പന്നമായ ജീവിതശൈലിയാണ് ഇവര്‍ക്കുണ്ടായിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

അസാഫ് മറ്റൊരു പ്രതിയായ ഹയാംസ് എന്നിവര്‍ക്കെതിരെ 10 ഡ്രഗ് ഒഫന്‍സുകളും നിരോധിത മയക്കുമരുന്നുകളുടെ ഇറക്കുമതി, കയറ്റുമതി, വിതരണം എന്നിവയ്ക്കുമുള്ള കുറ്റങ്ങള്‍ ചുമത്തി. എല്‍എസ്ഡി കൈവശം വെച്ചതിനു വിതരണം ചെയ്തതിനുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ജയ്കിഷന്‍ പട്ടേല്‍, റോഡന്‍ എന്നിവര്‍ക്കെതിരെ 9 ഡ്രഗ് ഒഫന്‍സുകളും ചുമത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള ശിഷ ഇന്ന് പ്രഖ്യാപിക്കും.