ന്യൂസ് ഡെസ്ക് മലയാളം യുകെ
കോൺടാക്റ്റ് ലെസ് പെയ്മെൻറ് പരിധി 45 പൗണ്ടിൽ നിന്ന് 100 പൗണ്ടായി ഉയർത്തി കൊണ്ടുള്ള തീരുമാനം ഫിനാൻസ് സെക്രട്ടറി റിഷി സുനക് തൻ്റെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധർ മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിലുള്ള 45 പൗണ്ട് പരിധിയിൽനിന്ന് 100 പൗണ്ടായി ഉയർത്തുന്നത് തട്ടിപ്പു സംഘങ്ങൾക്ക് ദുരുപയോഗിക്കാനുള്ള സാധ്യതയാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിൻ്റെ ശേഷമാണ് സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നൽകാനായിട്ട് നേരത്തെയുണ്ടായിരുന്ന 30 പൗണ്ടിൻ്റെ പരിധി 45 പൗണ്ടായി ഉയർത്തിയത്. ഈ വർഷം അവസാനം വരെ വർദ്ധനവ് നടപ്പിലാവില്ല.
യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കോൺടാക്റ്റ് ലെസ്സ് പെയ്മെൻറ് പരിധി നിലവിൽ 100 മുതൽ 145 പൗണ്ട് വരെയാണ്. പല ബാങ്കുകളും ഉപഭോക്താവിന് താഴ്ന്ന പരിധി തിരഞ്ഞെടുക്കാനുള്ള അവസരം നൽകുമെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം. കോൺടാക്റ്റ് ലെസ് പെയ്മെൻറ് പരിധി 100 പൗണ്ട് ആയി ഉയർത്തുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനും 31 ബില്യൻ പൗണ്ട് അധികം വിലമതിക്കുന്ന റീടെയിൽ മേഖലയെ സഹായിക്കാനും ഉതകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നത്.
Leave a Reply