ജീവിത ചെലവുകളിലുള്ള വർദ്ധനവ് കൂടുതൽ യുവാക്കളെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിലെ മുൻ ഓഫീസർ പറഞ്ഞു. വർദ്ധിച്ചു വരുന്ന ജീവിത ചിലവുകളുടെ സാഹചര്യത്തിൽ യുവാക്കൾ ക്രിമിനൽ സംഘങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് 34 വർഷമായി പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ച സർ പീറ്റർ ഫാഹി പറഞ്ഞു. പകർച്ചവ്യാധിയുടെ പേരിൽ വളരെയധികം യുവാക്കളാണ് സ്കൂൾ പഠനം ഉപേക്ഷിച്ചത്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും 2015-ൽ വിരമിച്ച സർ പീറ്റർ പറഞ്ഞു. അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാര്യത്തിൽ യുകെ അമേരിക്കയുടെ അതേ ദിശയിൽ തന്നെയാണ് പോകുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

അമേരിക്കയിൽ കൊലപാതകങ്ങളും ആക്രമങ്ങളും അവിശ്വസനീയമായ രീതിയിൽ വർദ്ധിച്ചു വരികയാണ്. ഇത്തരത്തിൽ ഒന്നും തന്നെ യുകെയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും രാജ്യത്തിൻറെ ഗതി അങ്ങോട്ടേക്കാണെന്ന് നമുക്ക് കാണാം സാധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളെ പരിഗണിക്കാതെയുള്ള തീരുമാനങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുന്നതിന് ഇതൊരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ആൾട്രിഞ്ചാമിലെ ഒരു ബാറിന് പുറത്ത് ടൈസൺ ഫ്യൂറിയുടെ ബന്ധുവായ റിക്കോ ബർട്ടന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു സർ പീറ്റർ.