സ്വന്തം ലേഖകൻ

യു കെ :- യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് കരാറുകൾക്ക് കോട്ടം തട്ടുന്ന ഇന്റെർണൽ മാർക്കറ്റ് ബില്ലിന് അംഗീകാരം നൽകി എംപിമാർ. ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ 84 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബില്ല് പാസായത്. പ്രാഥമിക ഘട്ടങ്ങൾ എല്ലാം കടന്ന ഈ ബില്ല് ഇനി ഹൗസ് ഓഫ് ലോർഡ്‌സ് ആണ് പാസാക്കേണ്ടത്. ഈ ബില്ലിലെ പല വ്യവസ്ഥകളും യൂറോപ്യൻ യൂണിയനുമായി ഏർപ്പെട്ടിരിക്കുന്ന കരാറിലെ വ്യവസ്ഥകളെ ലംഘിക്കുന്നതാണ്. അതിനാൽ തന്നെ ഈ ബില്ല് പുനഃക്രമീകരിക്കണം എന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ ആണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാർക്കറ്റ് ബില്ലുമായി മുന്നോട്ടുപോകുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് യൂറോപ്യൻ യൂണിയൻ തലസ്ഥാനമായി കരുതപ്പെടുന്ന ബ്രസൽസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ മാസം തുടക്കത്തിലാണ് ഗവൺമെന്റ് ഈ ബില്ല് ആദ്യമായി മുന്നോട്ടു വച്ചത്. യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് ഈ ബില്ലിന് ആദ്യം തന്നെ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും പ്രതികരിച്ചിട്ടുണ്ട്. വോട്ട് ചെയ്ത കൺസർവേറ്റീവ് പാർട്ടി എംപിമാർ എല്ലാരും തന്നെ ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. മുൻ പ്രധാനമന്ത്രി തെരേസ മേ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കൺസർവേറ്റീവ് പാർട്ടി എംപിമാരായ ജെറെമി റൈറ്റ് ഉൾപ്പെടെയുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ബ്രെക്സിറ്റിനു ശേഷമുള്ള കാലഘട്ടത്തിൽ സുഖമമായ ചരക്ക് നീക്കത്തിന് ഈ ബില്ല് അത്യന്താപേക്ഷിതമാണ് എന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള നിലപാട്. എല്ലാ തരത്തിലുള്ള എതിർപ്പുകളെയും അവഗണിച്ചാണ് ഗവൺമെന്റ് ഈ ബില്ലുമായി മുന്നോട്ടു പോകുന്നത്.