സംസ്ഥാന മന്ത്രിസഭയിലെ വകുപ്പുവിഭജനം വീണ്ടും അനിശ്ചിതത്വത്തിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റിട്ടും ഔദ്യോഗിക വിജ്ഞാപനം വൈകുന്നതിന് പിന്നിൽ ഫിഷറീസ് വകുപ്പ് സംബന്ധിച്ചുള്ള തർക്കമാണ് പ്രധാന കാരണം. ഉന്നത വിദ്യാഭ്യാസ വകുപ്പിനൊപ്പം ഫിഷറീസും വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം മുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ലത്തീൻ സഭയുടെ അതൃപ്തിയും വിഷയത്തെ കൂടുതൽ സങ്കീർണമാക്കി. ഫിഷറീസ് വകുപ്പ് കടലോര സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന നേതാവിനാകണമെന്ന ആവശ്യമാണ് സഭ ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ ഫിഷറീസ് ലീഗിന് നൽകിയാൽ കോൺഗ്രസിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലനിർത്താനാകുമോയെന്ന ആശങ്കയും ശക്തമായി. ഷിബു ബേബി ജോണിന് ഫിഷറീസ് നൽകിയാൽ അദ്ദേഹത്തിന് നിശ്ചയിച്ച വനംവകുപ്പ് മാറ്റേണ്ടി വരുമെന്ന സാധ്യതയും പരിഗണനയിലാണ്.
അതേസമയം, മറ്റ് വകുപ്പുകളെയും ചൊല്ലി മുന്നണിക്കകത്ത് ചർച്ചകൾ തുടരുന്നു. ജലവിഭവ വകുപ്പിനൊപ്പം രജിസ്ട്രേഷനും വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പ് വേണ്ടെന്ന കെ. മുരളീധരന്റെ നിലപാടിനെ തുടർന്ന് അദ്ദേഹത്തിന് ആരോഗ്യ വകുപ്പ് നൽകാനാണ് ധാരണ. ആരോഗ്യ വകുപ്പ് പ്രതീക്ഷിച്ചിരുന്ന എ.പി. അനിൽകുമാറിന് വൈദ്യുതി വകുപ്പ് ലഭിക്കാനിടയുണ്ടെന്നാണ് സൂചന.











Leave a Reply