ഷിബു മാത്യൂ

യൂറോപ്പിൻ്റെ സൗന്ദര്യമായ യോർക്ക് ഷെയറിലെ കീത്തിലിയിൽ  പ്രവർത്തിക്കുന്ന മലയാളി അസ്സോസിയേഷനായ പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ്റെ ഈസ്റ്റർ വിഷു റംസാൻ ആഘോഷങ്ങൾ സംയുക്തമായി കീത്തിലിയിലെ വിക്ടോറിയ ഹാളിൽ കഴിഞ്ഞ ശനിയാഴ്ച നടത്തപ്പെട്ടു. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് അസ്സോസിയേഷൻ ഭാരവാഹികൾ ദീപം തെളിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ വർണ്ണാഭമായ കലാപരിപാടികൾ നടന്നു. ഈസ്റ്ററിൻ്റെയും വിഷുവിൻ്റെയും ഓർമ്മകൾ പുതുക്കുന്ന സ്കിറ്റുകൾ ആഘോഷ പരിപാടികളിൽ പ്രധാന ഇനമായിരുന്നു.

ജനപങ്കാളിത്തം കൊണ്ട് യോർക്ക് ഷെയറിൽ ശ്രദ്ധേയമായ പ്രതീക്ഷയുടെ സ്റ്റേജിൽ തിളങ്ങിയത് കൂടുതലും കുട്ടികളായിരുന്നു. ഒരു പുതുതലമുറയെ വാർത്തെടുക്കാനുള്ള ലക്ഷ്യത്തോടെ രൂപം കൊണ്ട പ്രതീക്ഷയ്ക്ക് അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളായിരുന്നു കുരുന്നുകളുടെ പ്രകടനം. പ്രായഭേദമെന്യേ അസ്സോസിയേഷനിലെ അംഗങ്ങൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, നാടോടിനൃത്തം തുടങ്ങി നിരവധി കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പത്തിലധികം ഗായകരാണ് ശ്രുതിയും താളവും തെറ്റാതെ പാടി തിമിർത്തത്. ഒരു പക്ഷേ, യുറോപ്പിലെ ഒരു അസ്സോസിയേഷനിലും ഇത്രയധികം ഗായകർ ഉണ്ടാകാൻ സാധ്യതയില്ല.

ലാഡ്സ് ഈവെൻ്റ് മാനേജ്മെൻ്റിൻ്റെ ശ്രുതിമധുരമായ ശബ്ദ നിയന്ത്രണം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ, സ്‌റ്റേജ് നിറഞ്ഞു നില്ക്കുന്ന എൽ ഇ ഡി സ്ക്രീൻ, ഓർമ്മയിൽ സൂക്ഷിക്കാനുതകുന്ന ചിത്രങ്ങളുമായി ഏയർ വാലി സ്‌റ്റുഡിയോ, രുചിയൂറും ഭക്ഷണവുമായി മോൻസി കിച്ചൻ ബാൻസിലി തുടങ്ങി ഒരു പ്രവാസി മലയാളിക്ക് പ്രതീക്ഷിക്കാവുന്നതിനപ്പുറമുള്ള ആഘോഷമാണ് വിക്ടോറിയാ ഹാളിൽ നടന്നത്.

അംഗബലം കൊണ്ട് ശക്തമാണ് പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ. 2020 മുതൽ കീത്തിലിയിൽ എത്തിച്ചേർന്ന മലയാളി സമൂഹത്തിൻ്റെ കൂട്ടായ പ്രവർത്തനത്തിൽ രൂപീകൃതമായ അസ്സോസിയേഷനാണ് പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ. പ്രവർത്തന ശൈലിയിൽ ചുരുങ്ങിയ കാലം കൊണ്ട് യുകെയിൽ ജനശ്രദ്ധ നേടി എന്ന് എടുത്തു പറയേണ്ടതുണ്ട്. പ്രതീക്ഷ രൂപീകൃതമായതിനു ശേഷമുള്ള ആദ്യ വർഷത്തെ പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്. ഒരു പ്രവാസി മലയാളി അസ്സോസിയേഷൻ എന്ന സംഘടനകൊണ്ട് എന്തെല്ലാം ഉദ്ദേശിക്കുന്നുവോ അതെല്ലാം നിറവേറ്റിക്കൊണ്ടാണ് പ്രതീക്ഷ മലയാളി അസ്സോസിയേഷൻ്റെ മുന്നേറ്റം.

കായിക കലാ രംഗത്തെ പ്രവർത്തനങ്ങൾ, ഡാൻസ് ക്ലാസുകൾ, കാറ്ററിംഗ് മേഘലകൾ, ഫോട്ടോഗ്രാഫി, റീൽ നിർമ്മാണം, ഗാനരചനയും സംഗീത സംവിധാനവും കൂടാതെ പാശ്ചാത്യ സമൂഹത്തോട് ചേർന്ന് നിന്നുള്ള പ്രവർത്തനങ്ങളുമെല്ലാം പ്രതീക്ഷയെ മുന്നോട്ട് നയിക്കുന്നു. അസ്സോസിയേഷനിൽ അംഗമായിട്ടുള്ളവർ ചെയ്യുന്ന വില മതിക്കാത്ത പ്രവർത്തനങ്ങളെ പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ പ്രോത്സാഹിപ്പിക്കുന്നു എന്ന് എടുത്ത് പറയേണ്ടതുണ്ട്. കീത്തിലിയിലും യുകെയിലുടനീളമുള്ള മറ്റ് അസ്സോസിയേഷനുകളിൽ കാണാൻ കഴിയാത്ത പ്രതിഭാസമാണിത്.

പ്രതീക്ഷയുടെ പ്രസിഡൻ്റ് ജിൻ്റോ സേവ്യറിൻ്റെ നേതൃത്വത്തിലുള്ള ഒരു വലിയ ടീമാണ് 2024 ലെ പ്രതീക്ഷയുടെ ഈസ്‌റ്റർ വിഷു റംസാൻ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രതീക്ഷയുടെ കഴിഞ്ഞ കാല സാരഥികളുടെ പ്രവർത്തനങ്ങളേയും എടുത്തു പറയേണ്ടതുണ്ട്. അവരിൽ നിന്നും ഉൾക്കൊണ്ട പ്രചോദനത്താലാണ് ഇത്രയും വലിയ ഒരു പ്രോഗ്രാം നടത്താൻ സാധിച്ചതെന്ന് പ്രതീക്ഷയുടെ പ്രസിഡൻ്റ് ജിൻ്റോ സേവ്യർ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ നയിക്കുന്നവർ:-
പ്രസിഡൻ്റ് – ജിൻ്റോ സേവ്യർ
സെക്രട്ടറി – ചിന്ദു പ്രതാപൻ
വൈസ് പ്രസിഡൻ്റ് – ലിസ സെലിൻ
ജോയിൻ്റ് സെക്രട്ടറി – ബിനീഷ് ജോൺ
ട്രഷറർ – ജീവൻ സണ്ണി

കമ്മറ്റിയംഗങ്ങൾ :-
ദൃശ്യാ, ലിബിൻ, നീതു, അജീഷ്, ജോമിഷ്, സരിത, നീരജ, എഡ് വിൻ, റിച്ചി, നിമ്മി