വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ മൂലം പത്ത് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റുവെന്ന് തുറന്ന് സമ്മതിക്കുകയാണ് തൃശൂര്‍ മുല്ലശ്ശേരി സ്വദേശിയായ വീട്ടമ്മ. കേരളത്തിലും അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് ഇരയായ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍.

മുല്ലശ്ശേരിയില്‍ മാത്രം രണ്ട് കൊല്ലത്തിനിടെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം ഏഴ് പേര്‍ അവയവം വിറ്റതായാണ് വിവരം. ഇവരിലൊരാളാണ് ഈ വീട്ടമ്മയും.

അവയവക്കച്ചവടത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ‘കിഡ്നി വിശ്വൻ’ എന്നറിയപ്പെടുന്ന വിശ്വനാഥൻ എന്നയാളുടെ പേരും വീട്ടമ്മ പറയുന്നുണ്ട്. തങ്ങള്‍ ചെയ്തിട്ടുള്ള കാര്യത്തിന്‍റെ ഗൗരവം മനസിലാക്കാതെയാണ് ഇവരുടെ പ്രതികരണം. ഇത്തരത്തില്‍ ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് അവയവം വില്‍ക്കുന്നതിലേക്ക് ഇടനിലക്കാരും മറ്റും എത്തിക്കുന്നത്.

പ്രധാനമായും സാമ്പത്തികപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെയാണ് പ്രതികള്‍ സമീപിച്ചിട്ടുള്ളത്. തങ്ങളുടെ പ്രശ്നങ്ങള്‍ മൂലം ഇവര്‍ പെട്ടെന്ന് സമ്മതവും നല്‍കും. പാലക്കാട് അവയവക്കച്ചടത്തിന് ഇരയായ ഷമീറും മുല്ലശ്ശേരിയിലെ വീട്ടമ്മയും അടക്കം കേസില്‍ ഇരകളായവരുടെയെല്ലാം പശ്ചാത്തലം ഇതുതന്നെ.

വിശ്വനാഥനെ കൂടാതെ ബേബി മനോഹരന്‍ എന്നൊരു ഇടനിലക്കാരനെ കുറിച്ച് കൂടി പരാതിയുണ്ട്. എന്നാലിവര്‍ക്കെതിരെ മൊഴി ലഭിച്ചിട്ടും ഉപകാര പ്രദമായ വിവരങ്ങളല്ലെന്ന് പറഞ്ഞ് ഗുരുവായൂര്‍ എസിപി അന്വേഷണം അവസാനിപ്പിച്ചു എന്നാണ് മുല്ലശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ആരോപിക്കുന്നത്. ദാരിദ്ര്യം മുതലെടുത്താണ് പ്രദേശത്ത് അവയവക്കച്ചവട മാഫിയ പിടിമുറുക്കിയതെന്നും ബാബു പറയുന്നു.