യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണു സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം.

തന്റെ ഭാര്യയും പിതാവും തമ്മിൽ വഴക്കു പതിവായിരുന്നെന്നു ഷാനുവിന്റെ ഭർത്താവ് സിനോജ് പറഞ്ഞു. ഭക്ഷണകാര്യങ്ങളെച്ചൊല്ലി ആറു മാസം മുൻപു വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറഞ്ഞു. ഫാക്ടിലെ കരാർ ജീവനക്കാരനാണു സിനോജ്. രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെന്നും അപ്പോൾ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിതാവുമായി യോജിച്ചു പോകാൻ കഴിയാത്തതിനെ തുടർന്ന് സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണു താമസം. ഇവരുടെ മാതാവ് രണ്ട് ദിവസം മുൻപ് സഹോദരന്റെ വീട്ടിലായിരുന്നു. സിനോജിന്റെയും ഷാനുവിന്റെയും എൽകെജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിൽപോയശേഷം ഷാനു വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചശേഷം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും.