യാത്രയയപ്പ് യോഗത്തില്‍ അപമാനിതനായെന്ന തോന്നലുണ്ടായി കണ്ണൂര്‍ എ.ഡി.എം. അവസാനിപ്പിച്ചത് ജീവിതയാത്രയായിരുന്നു. ആരെങ്കിലും അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹത്തിന്റെ ഭാര്യയും നെടുവീര്‍പ്പിട്ടിരുന്നു. എങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നായിപ്പോയേനേ എന്ന് തോന്നിക്കുന്നതരത്തിലാണ് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ആദ്യം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ പരിസരത്തെത്തിയ അദ്ദേഹം മടങ്ങിപ്പോവുകയായിരുന്നു. പിന്നീട് ബാഗുമായി വീണ്ടും എത്തിയപ്പോഴേക്കും തീവണ്ടി പുറപ്പെട്ടിരുന്നു. പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനില്‍ ചെലവിട്ട ശേഷമാണ് തിരിച്ച് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയതും ജീവനൊടുക്കിയതും. ഒരു പക്ഷേ ആ തീവണ്ടി കിട്ടിയിരുന്നെങ്കില്‍….

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻ ബാബു ആത്മഹത്യ ചെയ്യുന്നതിന് മുൻപ് നാലരമണിക്കൂർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചെലവഴിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇത് മനസ്സിലായത്. മാനസികനില തകർത്ത യാത്രയയപ്പ് യോഗത്തിനുശേഷം വൈകീട്ട് ആറോടെ ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ട അദ്ദേഹം 200 മീറ്റർ ദൂരെ മുനീശ്വരൻ കോവിലിന് സമീപം ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് കാറിൽനിന്ന് ഇറങ്ങിയിരുന്നു. കോവിൽ പരിസരത്ത് കുറച്ച് സമയം ചെലവഴിച്ചശേഷം 6.45-ഓടെ ഓട്ടോറിക്ഷയിൽ താമസസ്ഥലമായ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ഭാര്യ ഉൾപ്പെടെ മൂന്നുപേർക്ക്‌ ഫോൺ ചെയ്തു. നേരത്തേ ബുക്ക് ചെയ്ത മലബാർ എക്സ്പ്രസിന് നാട്ടിലേക്ക് പോകാനായി 8.35-ഓടെ ക്വാർട്ടേഴ്സ് പൂട്ടിയിറങ്ങി. പള്ളിക്കുന്നിൽനിന്ന്‌ ഓട്ടോറിക്ഷയിൽ നേരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും തീവണ്ടി സ്റ്റേഷൻ വിട്ടിരുന്നു. അതോടെ ബാഗുമായി പ്ലാറ്റ്‌ഫോമിലെ കസേരയിൽ തലചായ്ച്ച്‌ അരമണിക്കൂറോളം ഇരുന്നു. വീണ്ടും ഫോൺ വിളിച്ചു. പിന്നീട് ഇരിപ്പിടത്തിൽ ബാഗ് വെച്ചശേഷം പ്ലാറ്റ്ഫോമിലൂടെ കൂറെദൂരം നടന്നു. അതിനിടയിൽ പാളത്തിൽ ഇറങ്ങുന്നതായും സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.

സ്റ്റേഷനകത്ത് നടക്കുകയും ഇരിക്കുകയും ചെയ്യുന്നതിനിടയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. ഇടയ്ക്ക് ഫോൺ ചെയ്തു. പിന്നീട് വീണ്ടും സീറ്റിലെത്തിയശേഷം മണിക്കൂറുകളോളം സാമൂഹികമാധ്യമങ്ങളിൽ നോക്കിയിരുന്നു. പുലർച്ചെ ഒന്നോടെ ബാഗുമായി സ്റ്റേഷന് പുറത്തിറങ്ങി. റോഡിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ വീണ്ടും പള്ളിക്കുന്നിലെ താമസസ്ഥലത്തേക്ക് പോയി. പുലർച്ചെ 1.30 വരെ ഓൺലൈനിൽ ‌ഉണ്ടായതായി അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. പുലർച്ചെ നാലിനും ആറിനും ഇടയിലുള്ള സമയത്താണ് ജീവനൊടുക്കിയത്.