കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്‌പോരില്‍ മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന പോലീസ് നിലപാടില്‍ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവര്‍എല്‍.എച്ച് യദു. പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് യദു പ്രതികരിച്ചു.

തന്നെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. എം.എല്‍.എ തന്റെ പിതാവിനെ വിളിക്കുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 15 ഓളം യാത്രക്കാരെ വഴിയിലിറക്കിവിട്ടു. ഒരു സാധരണക്കാരനായിരുന്നു ബസ് തടഞ്ഞതെങ്കില്‍ കേസ് എന്താകുമായിരുന്നുവെന്നും യദു ചോദിച്ചു. അധികാര ദുര്‍വിനിയോഗമാണ് അവര്‍ നടത്തിയതെന്നും യദു വിമര്‍ശിച്ചു.

മേയറുടെ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട തന്റെ സുഹൃത്തുക്കള്‍ വിളിച്ച് സൂക്ഷിക്കണമെന്ന് പറഞ്ഞു. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. ഏതെങ്കിലും തരത്തിലുള്ള തെറ്റ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ പോലീസിനെ വിളിച്ചറിയിക്കുകയല്ലേ ചെയ്യേണ്ടതെന്നും എന്നാല്‍ ഇവിടെ ഗുണ്ടായിസമാണുണ്ടായതെന്നും യദു പറഞ്ഞു.