ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 3689 ആണ്. രോഗവ്യാപനതോതും മരണസംഖ്യയും ഇതുവരെ ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും കൂടുതലാണ്. മഹാമാരിയെ അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആളെ കൂട്ടിയതും രണ്ടാം തരംഗം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കാണിച്ച ഗുരുതരമായ അനാസ്ഥയും തുടർന്ന് മോദി സർക്കാരിനെതിരെ രാജ്യത്തിന് അകത്തും പുറത്തും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ബംഗാളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയം വൻ പ്രാധാന്യത്തോടെയാണ് ബി ബി സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇതിനിടെ മഹാമാരിയിൽ ആടിയുലയുന്ന ഇന്ത്യയ്ക്ക് സഹായഹസ്തവുമായി യുകെ രംഗത്തുവന്നു. രാജ്യത്തെ രോഗബാധിതരെ സഹായിക്കാനായി 1000 വെൻറിലേറ്ററുകൾ കൂടി അയക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു. പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയാൻ സാധിച്ചത്. ഇന്ത്യയ്ക്ക് ആവശ്യമായ സഹായം ചെയ്യുന്നതിന് യുകെ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു . നേരത്തെതന്നെ യുകെ ഇന്ത്യയ്ക്ക് കോവിഡിനെ തടയാനുള്ള ഒട്ടേറെ ജീവൻരക്ഷാ ഉപകരണങ്ങൾ കൈമാറിയിരുന്നു.