ഡബ്ലിന്‍: ഡോണിബ്രൂക്ക് റോയല്‍ ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ അടക്കിപ്പിടിച്ച വേദനയോടെ തങ്ങളുടെ പ്രിയപ്പെട്ട ഹെലന്‍ സാജുവിന് ആദരാഞ്ജലികൾ നേര്‍ന്നു. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നിര്യാതയായ പാലാ കുറിഞ്ഞി സ്വദേശിനി ഹെലന്‍ സാജുവിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് റോയല്‍ ഹോസ്പിറ്റല്‍ ചാപ്പലില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരണത്താല്‍ വേര്‍പിരിയുമ്പോള്‍ നാം നിസ്സഹായതയുടെ ആഴക്കയത്തിലേക്ക് ആണ്ടുപോകുന്നു. ‘മരണം വരുത്തിവെക്കുന്ന ദുഃഖത്തിനുമുമ്പില്‍ സഹപ്രവർത്തകർ ഒന്നുമറിയില്ലാത്ത കുട്ടികളെപ്പോലെയായി തീരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മരണത്തിന്റെ ആഘാതത്തിന്‌ അറിവുള്ളവനും ഇല്ലാത്തവനും തമ്മില്‍ അന്തരവുമില്ല എന്നത് ഒരു ഒരു യാഥാർഥ്യം തന്നെ. സാഹചര്യത്തിനു മാറ്റംവരുത്താന്‍ ഒന്നും ചെയ്യാനാകാത്ത നിസ്സഹായരായ കൊച്ചുകുട്ടികളെപ്പോലെ ആയിത്തീരുന്നു ഹെലന്റെ സഹപ്രവർത്തകർ. 

പന്ത്രണ്ട് വർഷത്തോളം ഹെലന്‍ സേവനമനുഷ്ഠിച്ച റോയല്‍ ഹോസ്പിറ്റലിലെ ഓരോ ഇടനാഴികള്‍ക്കും ചിരപരിചിതമായ ആ മുഖം അവസാനമായി ഒന്ന് കാണാനും അന്ത്യയാത്ര പറയാനുമായി എത്തിയ സഹപ്രവര്‍ത്തകരില്‍ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആശുപത്രി മാനേജ്‌മെന്റിലെ മുതിര്‍ന്ന എല്ലാ ഉദ്യോഗസ്ഥരും ഹെലന് ആദരമേകാന്‍ എത്തിയിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കിടയ്ക്കുള്ള ലേഖനഭാഗങ്ങള്‍ വായിച്ചത് ഹെലന്റെ മക്കളായ സച്ചിനും സബീനുമായിരുന്നു. ബള്‍ഗേറിയയ്ക്ക് പഠിക്കാനായി ആദ്യം പോകുമ്പോള്‍ ‘അമ്മ അനുഗ്രഹിച്ചിറക്കുമ്പോള്‍ വായിച്ച അതേ ലേഖനഭാഗമാണ് അമ്മയുടെ അനുസ്മരണ ബലിയില്‍ ലേഖനമായി തനിക്ക് വായിക്കേണ്ടി വന്നത് എന്ന് പറയുമ്പോള്‍ സച്ചിന്റെ കണ്ണുകൾ നിറയുകയായിരുന്നു. ‘എനിക്ക് സങ്കടം വരുമ്പോള്‍ ഞാന്‍ എപ്പോഴും ഞാന്‍ ആ ഭാഗം വായിക്കാറുണ്ട്’, സച്ചിന്റെ വാക്കുകൾ വേദനയുടെ നൊമ്പരങ്ങൾ സമൂഹത്തിന്റെ കാതുകളിൽ ഒരു നൊമ്പരമായി പതിക്കുകയായിരുന്നു.  ‘ഒത്തിരി വേദന അമ്മയ്ക്ക് ഉണ്ടായിരുന്നു. അത് ഒന്നും അറിയിക്കാതെ എപ്പോഴും സന്തോഷമായിട്ടാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. ഞാന്‍ ചായ ഉണ്ടാക്കികൊടുക്കുന്നത് അമ്മയ്ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ‘മോനേ നിന്റെ ഒരു ഐറിഷ് ചായ’ ഉണ്ടാക്കി എനിക്ക് തരുമോ എന്ന് ചോദിയ്ക്കാന്‍ ഇനി ആരുമില്ലല്ലോ എന്ന സങ്കടം സഹിക്കാനാവുന്നില്ല….’ സച്ചിൻ വേദനയോടെ പറഞ്ഞു.

‘ഈശോയുടെ ഇഷ്ടത്തിന് അനുസരിച്ച് ‘അമ്മ പോയി…..അതില്‍ പക്ഷേ സങ്കടപ്പെടാനൊന്നുമില്ല . സച്ചിന്‍ സ്വയം ആശ്വസിച്ചത് അങ്ങനെയാണ്. വന്നുപോയ നഷ്ടം നികത്താന്‍ പണത്തിനോ അധികാരത്തിനോ കഴിയില്ല എന്നും ദൈവത്തിന് മാത്രമേ സാധിക്കൂ എന്നും മനസ്സിലാക്കിയിരിക്കുന്നു. ഡോണിബ്രൂക്ക് ‘ആവില ആശ്രമത്തിലെ ഫാ.ഡൊമിനിക്ക് മക്‌ഡോണ വിശുദ്ധബലിയ്ക്ക് പ്രധാന കാര്‍മ്മികനായിരുന്നു . സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ.ക്ലമന്റ് പാടത്തിപ്പറമ്പില്‍, ഫാ.റോയി ജോര്‍ജ് വട്ടയ്ക്കാട്ട് എന്നിവര്‍ മലയാളത്തിലുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

ഡബ്ലിന്‍ ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്ന പാലാ രാമപുരം കുറിഞ്ഞി ഉഴുന്നാലില്‍ ചെമ്പനാനിയ്ക്കല്‍ (മണ്ണൂര്‍) ഹെലന്‍ സാജു(43) വെള്ളിയാഴ്ച വൈകുന്നേരമാണ് അര്‍ബുദരോഗത്തെ തുടര്‍ന്ന് നിര്യാതയായത്. തൊടുപുഴ പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍  ഈ വരുന്ന ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഭവനത്തില്‍ ആരംഭിക്കുകയും രാമപുരം കുറിഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അന്ത്യാകൂദാശകൾ നടത്തപ്പെടും.