തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി.പി.എമ്മിനകത്ത് നടക്കുന്ന സംഘടനാ പരിശോധനയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നു. ജില്ലാ കമ്മിറ്റി യോഗങ്ങളിലടക്കം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരിട്ട് വിമർശന വിധേയരായി. സംസ്ഥാന സെക്രട്ടേറിയറ്റിൽ പുനഃസംഘടന വേണമെന്നും നേതൃമാറ്റം അനിവാര്യമാണെന്നുമുള്ള ആവശ്യങ്ങളും വിവിധ തലങ്ങളിൽ ഉയർന്നതായി സൂചന.
തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം പിണറായി വിജയൻ പൊതുജനങ്ങളോടും മാധ്യമങ്ങളോടും കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറായില്ലെന്ന വിമർശനവും പാർട്ടി യോഗങ്ങളിൽ ശക്തമായി ഉയർന്നു. സർക്കാരിനെയും പാർട്ടിയെയും കേന്ദ്രീകൃത നിയന്ത്രണത്തിലാക്കിയതും ജനങ്ങളുമായി നേതാക്കൾ അകന്നതുമാണ് തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തലും ഉണ്ടായി. എം.വി. ഗോവിന്ദന്റെ നിലപാടുകളും ചില പ്രസ്താവനകളും പാർട്ടിക്ക് ദോഷമായി ബാധിച്ചുവെന്ന വിമർശനവും അംഗങ്ങൾ ഉന്നയിച്ചു.
ജില്ലാതല ചർച്ചകൾക്ക് പിന്നാലെ ഏരിയ, ബ്രാഞ്ച് തലങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. വിവിധ തലങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ജൂൺ ആറിനും ഏഴിനും ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം സംബന്ധിച്ച അന്തിമ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക.











Leave a Reply