ന്യൂസ് ഡെസ്ക് മലയാളം യുകെ

കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് യുകെയിലെ വിവിധ ഭാഗങ്ങളിലെ സ്കൂളുകൾക്ക് അടവ്. മഞ്ഞുവീഴ്ച മൂലം യാത്രകൾ ദുഷ്‌കരമാകുന്നുവെന്നും യാത്രക്കാർ പറഞ്ഞു. മോശം കാലാവസ്ഥയെ തുടർന്ന് സ്‌കോട്ട്‌ ലൻഡിലെ 100 ലധികം സ്കൂളുകളാണ് അടച്ചിരിക്കുന്നത്. വടക്ക് നിന്ന് ശക്തമായ കാറ്റ് രാജ്യത്ത് ആഞ്ഞടിയ്ക്കുന്നത് യുകെയിലെ താപനില കുറയുന്നതിന് കാരണമായി. സ്‌കോട്ട്‌ ലൻഡിലും വടക്കൻ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെയിൽസിലും ഇന്ന് കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

അതേസമയം നോർത്തേൺ അയർലൻഡിൽ വൈകിട്ട് 5:00 മുതൽ കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകി. നിലവിൽ ഏറ്റവും മോശം കാലാവസ്ഥ സ്‌കോട്ട്‌ ലൻഡിലാണ് പ്രതീക്ഷിക്കുന്നത്. പല ഭാഗങ്ങളിലും 10 സെന്റിമീറ്റർ വരെ മഞ്ഞ് വീഴ്ച്ച ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ യുകെ നേരിടാൻ പോകുന്നത് ഈ ശൈത്യ കാലത്തെ ഏറ്റവും തണുപ്പുള്ള രാത്രികളായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. താപനില മൈനസ് 5 മുതൽ മൈനസ്10 വരെ ആയി താഴാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടി.

അതേസമയം ചൊവ്വാഴ്ച രാവിലെ മഞ്ഞുവീഴ്ച കാരണം റോഡുകളിൽ നിരവധി അപകടങ്ങൾ നടന്നതായി മെർസിസൈഡ് പോലീസ് പറഞ്ഞു. റോഡ് ട്രാഫിക് മൂലമുള്ള കൂട്ടയിടിക്ക് ലങ്കാഷെയർ പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കണ്ടിരുന്ന സാധാരണ താപനിലയേക്കാൾ 5-6 ഡിഗ്രി സെൽഷ്യസ് വരെ നിലവിലെ താപനില കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഡിസംബർ ആദ്യം റിപ്പോർട്ട് ചെയ്ത മൈനസ് 12.5C ആയിരുന്നു ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില