മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണനിഴലിലായതോടെ എം.വി. ജയരാജൻെറ അസാന്നിധ്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു. ജയരാജന്‍ മടങ്ങിയതോടെ ശിവശങ്കര്‍ വീണ്ടും പ്രധാനിയായി

മുഖ്യമന്ത്രിയുടെ ഓഫീസ്   ആരോപണനിഴലിലായതോടെ    എം.വി. ജയരാജൻെറ   അസാന്നിധ്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു. ജയരാജന്‍ മടങ്ങിയതോടെ ശിവശങ്കര്‍ വീണ്ടും പ്രധാനിയായി
July 09 16:22 2020 Print This Article

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.പി.എമ്മിന്റെ പിടിയയഞ്ഞത് എം.വി. ജയരാജന്‍ പടിയിറങ്ങിയതോടെ. പാര്‍ട്ടി സംസ്ഥാനസമിതിയംഗമായ ജയരാജന്‍ കുറച്ചുകാലമേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുള്ളൂ. പി. ജയരാജനു പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടി വന്നതോടെ യാണ് എം.വിക്കു തലസ്ഥാനത്തെ ദൗത്യം മതിയാക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണനിഴലിലായതോടെ എം.വിയുടെ അസാന്നിധ്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു.

ഭരണം ഇഴയുന്നു, ഫയല്‍ നീക്കത്തിനു വേഗം പോരാ, പോലീസിനുമേല്‍ നിയന്ത്രണമില്ല, ഉദ്യോഗസ്ഥരുടെ ശീതയുദ്ധം തുടങ്ങി സര്‍ക്കാരിനെതിരായ ആരോപണങ്ങളേത്തുടര്‍ന്നാണു മുതിര്‍ന്നനേതാവ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ സി.പി.എം. തീരുമാനിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും ചില ഉപദേഷ്ടാക്കളുടെയും നിയന്ത്രണത്തിലായിരുന്നു അതുവരെ മുഖ്യമന്ത്രിയുടെ ഓഫീസ്. പോലീസിന്റെ പേരിലാണു സര്‍ക്കാര്‍ അക്കാലത്തു പ്രധാനമായും പഴി കേട്ടത്.

മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രണം ജയരാജന്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ ഏറെക്കുറേ നിയന്ത്രണത്തിലായി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതും അഴിമതിക്കെതിരേ കാര്യമായ നീക്കങ്ങളുണ്ടായതും ആയിടയ്ക്കാണ്. എന്നാല്‍ പാര്‍ട്ടിയിലെ വ്യക്തിപൂജാവിവാദമടക്കമുള്ള പ്രശ്‌നങ്ങളേത്തുടര്‍ന്ന് പി. ജയരാജനു പകരം, എം.വിക്കു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടിവന്നതോടെ എല്ലാം പഴയപടിയായി.

ജയരാജനു മുമ്പ്, എം. ശിവശങ്കറായിരുന്നു ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ജയരാജന്‍ മടങ്ങിയതോടെ ശിവശങ്കര്‍ വീണ്ടും പ്രധാനിയായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി.എം. സംസ്ഥാനസമിതിയംഗം പുത്തലത്ത് ദിനേശനുണ്ടെങ്കിലും ശക്തമായ ഇടപെടലുകള്‍ സാധിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ.എന്‍. ബാലഗോപാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും എസ്. രാജേന്ദ്രന്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.

ഇ.കെ. നായനാരുടെ കാലത്തു പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇ.എന്‍. മുരളീധരന്‍ നായര്‍ പ്രൈവറ്റ് സെക്രട്ടറിയും. നിലവില്‍ പാര്‍ട്ടിയുടെ പിടിയയഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യത നഷ്ടപ്പെട്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. എം.വി. ജയരാജന്‍ കണ്ണൂരിലേക്കു മടങ്ങിയപ്പോള്‍ പി. ശശി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലക്കാരനാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles