ഓർമശക്‌തി കൂട്ടാനും മാനസിക ഉണർവു നൽകാനും തൈരിനു കഴിയും തൈരിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡിനു തലച്ചോറിനെ ഉത്തേജിപ്പിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തൈരിന്റെ ഉപയോഗത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആയുർവേദം നിഷ്‍കർഷിക്കുന്നു.

1. തൈര് ചൂടാക്കി ഉപയോഗിക്കരുത്

തൈര് ചൂടാകുമ്പോൾ ഘടന മാറുകയും ശരീരത്തിനു ദോഷം ചെയ്യുമെന്നുമാണ് വിദഗ്ധർ പറയുന്നത്. വ്രണ‌ം, ശ്വാസംമുട്ട്, നീർക്കെട്ട് എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.

2. രാത്രിയിൽ പാടില്ല

തൈര് രാത്രി ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം.

3. തൈരിനൊപ്പം ഇതിൽ ഏതെങ്കിലും വേണം

ചെറുപയറിന്റെ ചാറോ പഞ്ചസാരയോ ചേർത്തു വേണം തൈര് കഴിക്കാൻ. ദോഷങ്ങൾ പരമാവധി കുറയ്ക്കാനും ഗുണഫലങ്ങൾ നന്നായി കിട്ടാനും നല്ലത്.

തൈര് കറിയുടെ പാചകക്കുറിപ്പ്

1. ചെറു പുളിയുള്ള തൈര് – 1 കപ്പ്
2. ഉള്ളി – 10 എണ്ണം (അരിഞ്ഞത്)
3. പഞ്ചസാര – 1 സ്പൂൺ
4. ചെറു ജീരകം – 1 സ്പൂൺ
5. മാതള അല്ലി – കാൽ കപ്പ്
6, വേപ്പില – 4 തണ്ട്
7. ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

തൈരിൽ പഞ്ചസാര, ഉപ്പ് എന്നിവ യോജിപ്പിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചെറു ജീരകം പൊട്ടിച്ചതിനു ശേഷം വേപ്പിലയും ഉള്ളിയും നല്ലവണ്ണം മൂപ്പിച്ച് കൂട്ടിലൊഴിച്ച് ഇളക്കി ചേർക്കുക. മീതെ മാതളം ഇട്ട് അലങ്കരിക്കുക.

Note : തൈരിന് പുളി കൂടിപ്പോയാൽ അതിൽ കുറച്ചു വെള്ളം ചേർത്ത് അനക്കാതെ അരമണിക്കൂർ വയ്ക്കുക. പിന്നീട് കനം കുറഞ്ഞ തുണിയിലൂടെ അരിച്ചെടുത്താൽ പുളിയില്ലാത്ത കട്ടത്തൈരു ലഭിക്കും.