സ്വന്തം ലേഖകൻ

ഗവൺമെന്റിന്റെ ‘റൂൾ ഓഫ് സിക്സ്’ നിയമം തെറ്റിച്ചതിന് രാജകുടുംബത്തിലെ കേംബ്രിഡ്ജസിനും വെസെക്സിനും രൂക്ഷവിമർശനം. വില്യത്തിന്റെയും കേറ്റിന്റെയും മൂന്നു കുട്ടികളും എഡ്വേഡ് സോഫി രാജദമ്പതിമാരും രണ്ടു കുട്ടികളും സൻഡിംഗ്ഗ്രാമിലെ ക്രിസ്മസ് തീമിലുള്ള ലൂമിനേറ്റ് വുഡ് ലാൻഡിൽ ഒരേ സമയത്ത് വൈകുന്നേരം ആസ്വദിക്കാൻ എത്തിയിരുന്നു. ഇരുകുടുംബങ്ങളും ഇടവേളകളിൽ ഇടകലർന്ന് നടക്കുന്നതും കൈകൾ കോർത്തു പിടിക്കുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രിൻസ് ജോർജ്(7) പ്രിൻസസ് ചാർലറ്റ് (5) പ്രിൻസ് ലൂയിസ്(2), മാതാപിതാക്കൾക്കും അങ്കിളിനും ആന്റിക്കും, മക്കളായ ലേഡി ലൂയിസ് വിൻസർ (17) ജെയിംസ് വിസ്കൗണ്ട് സെവേൺ (13) എന്നിവർക്കും ഒപ്പം പൊതു സ്ഥലത്ത് സമയം ചെലവഴിച്ചത് പൊതുജന ശ്രദ്ധ ആകർഷിച്ചു.

ഞായറാഴ്ച വൈകുന്നേരം രാജ്ഞിയുടെ നോർഫോക് റസിഡൻസിന് സമീപം പൊതു ജനങ്ങൾക്കൊപ്പം ആണ്, നടക്കാൻ ഇറങ്ങിയത്. ഇരുകുടുംബങ്ങളും ഒരുമിച്ചല്ല എത്തിച്ചേർന്നത് എന്നും, ഒമ്പത് പേരടങ്ങുന്ന ഒരു പാർട്ടിയായി കറങ്ങി നടക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഒരു മൈലോളം നീളമുള്ള ഒറ്റ വരി പാതയിൽ ഇരുകുടുംബങ്ങളും പലസ്ഥലത്തും ഒരുമിക്കുന്നതും സംസാരിക്കുന്നതും കൈകോർത്തു നടക്കുന്നതും കാണാമായിരുന്നു. ടയർ 2 നിയമപ്രകാരം വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള ആറ് പേരിൽ കൂടുതൽ പരസ്പരം സന്ദർശനം നടത്താൻ പാടില്ല, അല്ലെങ്കിൽ അവർ ഒരേ വീട്ടിൽ നിന്നുള്ളവരോ, ഒരേ സപ്പോർട്ട് ബബിളിൽ നിന്നുള്ളവരോ ആയിരിക്കണം. കുട്ടികൾ ഉൾപ്പെടെ ആറ് പേർക്കുമാത്രമാണ് പുറത്ത് കണ്ടുമുട്ടാനുള്ള അവസരം. നിയമം തെറ്റിക്കുന്നവർക്ക് 200 പൗണ്ട് പെനാൽറ്റിയുണ്ട്, വീണ്ടും നിയമം തെറ്റിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പിഴ 64,00 പൗണ്ട് വരെ വർദ്ധിക്കാം.

9 അംഗങ്ങളടങ്ങിയ ഇരുകുടുംബങ്ങളും വൈകുന്നേരം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ പകർത്തിയ വ്യക്തി രാജകുടുംബത്തിന്റെ അശ്രദ്ധയിൽ കടുത്ത അമർഷം രേഖപ്പെടുത്തി. “രാജകുടുംബത്തിലെ കുട്ടികളുൾപ്പെടെ പുറത്ത് സമയം ചെലവഴിച്ചത് അവർക്ക് അങ്ങേയറ്റം സന്തോഷം നൽകി എന്ന് വിശ്വസിക്കുന്നു, എന്നാൽ പൊതുജനങ്ങൾ മാതൃകയാക്കുന്ന ഒരു കുടുംബപശ്ചാത്തലത്തിൽ നിന്നുള്ളവർ ഇത്തരത്തിൽ അശ്രദ്ധമായി പെരുമാറാൻ പാടില്ലായിരുന്നു” എന്നും ” അംഗരക്ഷകരോടൊപ്പമെത്തിയ കുടുംബം കോവിഡ് നിയമങ്ങൾ പ്രത്യക്ഷമായി ലംഘിക്കുകയായിരുന്നു എന്നും വുഡ് ലാൻഡിൽ ഉണ്ടായിരുന്ന വ്യക്തി അഭിപ്രായപ്പെട്ടു.

അതേസമയം ഇരുകുടുംബങ്ങളും വ്യത്യസ്ത സമയങ്ങളിൽ ആണ് എത്തിച്ചേർന്നത് എന്നും നിയമം ലംഘിക്കാൻ ഒരു വിധത്തിലും ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ സംഭവത്തോട് പ്രതികരിച്ചത്.