അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണാ വൈറസിൻെറ പുതിയ വകഭേദം കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നത് അപകടകരമാണെന്ന കണ്ടെത്തൽ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. പുതിയ കൊറോണ വൈറസ് വകഭേദം കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതും അപകടകാരിയാണെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി . പലരാജ്യങ്ങളും മുൻകരുതൽ എന്ന രീതിയിൽ യുകെയിൽ നിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇറ്റലി, ജർമനി, നെതർലാൻഡ് ,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ യുകെയിലേക്ക് ഉള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഇന്ന് നടത്തപ്പെടുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സംയുക്ത യോഗത്തിന് ശേഷം കൂടുതൽ നടപടികൾ ഉണ്ടാകാനാണ് സാധ്യത.

ലോകത്തിലെ ഏറ്റവും തിരക്കേറിയ യാത്ര തുറമുഖങ്ങളിൽ ഒന്നായ പോർട്ട് ഓഫ് ഡോവർ അടുത്ത 48 മണിക്കൂർ നേരത്തേയ്ക്ക് അടച്ചിടാൻ തീരുമാനമായി. ഫ്രാൻസിനോട് ഏറ്റവും അടുത്തായി 21 മൈൽ മാത്രം അകലെയാണ് പോർട്ട് ഓഫ് ഡോവർ. അതുപോലെതന്നെ യുകെയിൽ നിന്നുള്ള എല്ലാവിധ ചരക്ക് നീക്കങ്ങളും നിർത്തിവയ്ക്കാൻ ഫ്രാൻസ് അടിയന്തരമായി നടപടികൾ ആരംഭിച്ചു.

നെതർലൻഡ് ജനുവരി ഒന്നു വരെ ബ്രിട്ടനിൽ നിന്നുള്ള വിമാനയാത്രയ്ക്ക് വിലക്കേർപ്പെടുത്തി. ബ്രിട്ടനിൽ കണ്ടെത്തിയതിന് സമാനമായ വൈറസ് കണ്ടെത്തിയതിനെത്തുടർന്നാണ് നെതർലൻഡ് യാത്രാ വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഞായറാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ നേരത്തേയ്ക്ക് ബെൽജിയത്തിൽ നിന്നുള്ള യാത്രാവിലക്ക് ആരംഭിച്ചു കഴിഞ്ഞു.