ഉപ്പുതറ: പുരയിടത്തിലും മുറ്റത്തും കിടക്കുന്ന കല്ലുകള്‍ വീടുകള്‍ക്ക്‌ മുകളിലേക്ക്‌ വീഴുന്നതിന്റെ ഞെട്ടലില്‍ രണ്ടു കുടുംബങ്ങള്‍. വളകോട്‌ പുളിങ്കട്ട പാറവിളയില്‍ സെല്‍വരാജിന്റെയും സുരേഷിന്റെ വീടിന്‌ മുകളിലേക്കാണ്‌ ചെറിയ പാറക്കല്ലുകള്‍ ഭൂമിയില്‍നിന്ന്‌ വീഴുന്നത്‌. സംഭവത്തിന്റെ നിജസ്‌ഥിതിയറിയാതെ ആശങ്കയിലാണ്‌ ഇരു കുടുംബവും. ഈ മാസം രണ്ടുമുതലാണ്‌ വീടുകള്‍ക്ക്‌ മുകളിലേക്ക്‌ പാറക്കഷണങ്ങള്‍ വീഴാന്‍ തുടങ്ങിയത്‌. തുടര്‍ ദിവസങ്ങളിലും കല്ലുകള്‍ വീഴാന്‍ തുടങ്ങിയതോടെ വാഗമണ്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ്‌ സമീപത്തെല്ലാം പരിശോധന നടത്തിയ ശേഷം വീട്‌ പരിശോധിക്കുന്നതിനിടയിലും പാറക്കല്ലുകള്‍ വീണു. ആദ്യം രാത്രിയില്‍ മാത്രമായിരുന്നു കല്ലു വീണിരുന്നത്‌. ഇപ്പോള്‍ രാത്രിയും പകലും ഒരു പോലെയാണ്‌ കല്ലുകള്‍ വീഴുന്നത്‌. ഇതു മൂലംവീടിന്‌ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ വീട്ടുകാര്‍. വലിയ ശക്‌തിയിലാണ്‌ പാറക്കഷ്‌ണങ്ങള്‍ എത്തുന്നത്‌. കല്ലുകള്‍ വീണ്‌ രണ്ട്‌ വീടിന്റെയും ആസ്‌ബറ്റോസ്‌ ഷീറ്റുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട്‌ വീടുകളിലായി ആറ്‌ കുട്ടികളും ഉണ്ട്‌. കല്ല്‌ വീഴുന്നതിനാല്‍ കുഞ്ഞുങ്ങളെ വീടിന്‌ പുറത്തിറക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌. തനിയെ കല്ല്‌ ഉയര്‍ന്ന്‌ വീഴുന്നതറിഞ്ഞ്‌ ധാരാളം പേര്‍ ഇത്‌ കാണാനെത്തുന്നുമുണ്ട്‌.

വീടുകള്‍ ഇരിക്കുന്ന ഭൂമി ഇടിഞ്ഞ്‌ താഴ്‌ന്നു. ഒരു വീടിന്റെ ചുവരുകള്‍ക്ക്‌ വിള്ളല്‍ ഏല്‍ക്കുകയും ചെയ്‌തു. കല്ലുകള്‍ സദാ സമയവും വീഴുന്നത്‌ എന്തുകൊണ്ടാണെന്ന്‌ വ്യക്‌തമായിട്ടില്ല.ഭൂമിയുടെ ഉപരിതലത്തില്‍ ഉണ്ടാവുന്ന ഏതെങ്കിലും പ്രതിഭാസമാകാനാണ്‌ സാധ്യതയെന്നാണ്‌ പ്രാഥമിക നിഗമനം. ജനപ്രതിനിധികള്‍ വീട്ടിലെത്തിയപ്പോഴും കല്ലേറ്‌ നേരില്‍ കണ്ടിരുന്നു. മുറ്റത്തുനിന്ന്‌ കല്ലുയരുന്നത്‌ വീട്ടുകാര്‍ പലവട്ടം കാണുകയും ചെയ്‌തിട്ടുണ്ട്‌. വീട്‌ സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ വീട്ടുകാരെ ബന്ധുക്കളുടെ വീടുകളിലേക്ക്‌ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. തിങ്കളാഴ്‌ച തൊടുപുഴയില്‍നിന്നുള്ള ജിയോളജിക്കല്‍ വകുപ്പ്‌ അധികൃതര്‍ സ്‌ഥലത്ത്‌ പരിശോധന നടത്തും.