റോബിൻ എബ്രഹാം ജോസഫ്
അഖിൽ പി ധർമജൻ എന്ന പ്രമുഖ യുവ എഴുത്തുക്കാരന്റെ റാം c/o ആനന്ദി എന്നുള്ള നോവൽ ആരംഭിക്കുന്നത് ഈ വാക്യത്തോടെയാണ്. ചെന്നൈ കഥാപരിസരമായി എഴുതപ്പെട്ടിരിക്കുന്ന നോവൽ ഉയർത്തുന്ന ചോദ്യങ്ങൾ പോലെ തന്നെ പ്രധാനമാണ് അപരിചിത സമൂഹത്തിന് മുൻപിൽ ചെന്നൈ നഗരത്തെ വരച്ചുക്കാട്ടുന്നത് മികച്ച രീതിയിലാണ്. ഈ കഴിഞ്ഞ ഇടയ്ക്ക് ചെന്നൈയിലേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോൾ ആദ്യം മനസിലേക്ക് കടന്നുവന്നതും ഈ വാക്യമാണ്.
യാതൊരു പരിചയവും ഇല്ലാതെ തികഞ്ഞ അപരിചതത്വത്തിന് നടുവിലേക്ക് ചെന്നൈയിലേക്ക് ചെന്നുപ്പെട്ട ഒരാൾ എന്ന നിലയിൽ ഈ വാക്കുകൾ തികച്ചും പൂർണമായിരുന്നു. ട്രെയിൻ ഇറങ്ങി കാലു കുത്തിയപ്പോൾ തന്നെ സ്വീകരിക്കാൻ ഒരു മനുഷ്യരും ഇല്ലാത്ത അവസ്ഥയിൽ നിന്ന് സ്റ്റേഷന് പുറത്തെത്തിയപ്പോൾ ഓട്ടോ ചേട്ടന്മാരും അവിടുത്തെ ആളുകളും നൽകിയ കരുതലും പിന്തുണയും വളരെ വലുതാണ്. പൊതുവെ ട്രെയിൻ യാത്രയോട് താല്പര്യമില്ലാത്ത ഒരാൾ എന്നത് കൊണ്ട് തന്നെ മുഴിച്ചിലിന് തീരെ കുറവില്ലായിരുന്നു. ഒരു ഘട്ടത്തിൽ യാത്ര വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു എന്ന് തന്നെ പറയാം. എന്നാൽ അപരിചിതരായിരുന്ന ആളുകളുടെ നടുവിൽ നിന്ന് ചെന്നൈ സെൻട്രലിൽ കാലുകുത്തിയപ്പോൾ പലവഴിക്ക് പിരിഞ്ഞത് കഴിഞ്ഞ 12 മണിക്കൂറിൽ അധികം ഒരുമിച്ച് കഥപറഞ്ഞ, രാഷ്ട്രീയം സംസാരിച്ച, യാത്രയുടെ പിന്നാമ്പുറങ്ങൾ പങ്കുവെച്ച കുറച്ചധികം മനുഷ്യരെയാണ്. ജോലിക്കായി എത്തിയവർ, പഠിക്കാൻ അഡ്മിഷൻ കിട്ടി വന്നവർ, ആശുപത്രിയിൽ വന്നവർ എന്നിങ്ങനെ ആ ലിസ്റ്റ് നീളുകയാണ്.
ഓരോ യാത്രയും സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്. ചിലത് നല്ലതായിരിക്കും, ചിലത് വളരെ മോശവും. എന്നാൽ ചെന്നൈ യാത്ര സമ്മാനിച്ചത് കുറെയധികം നല്ല ഓർമകളും നിമിഷങ്ങളുമാണ്. മറീനയും സെന്റ് തോമസ് മൗണ്ടും എന്നു തുടങ്ങി വിട്ടുപോരാൻ മടിക്കുന്ന ചില അവശേഷിപ്പുകൾ അവിടെ പാറി നടക്കുന്നുണ്ട് എന്നുള്ളത് നിശ്ചയമാണ്. പൊതുഗതാഗതത്തിൽ കേരളത്തെക്കാൾ വളരെ മുൻപന്തിയിലുള്ള സംസ്ഥാനമാണ് തമിഴ്നാട്. സ്ത്രീകൾക്ക് സൗജന്യ യാത്രയും ടിക്കറ്റ് നിരക്കിലെ കുറവും എടുത്ത് പറയേണ്ട കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ കൂടുതൽ യാത്രകളും ബസ് മാർഗം ആയിരുന്നു. മികച്ച നിലവാരത്തിലുള്ള റോഡുകളും, ട്രാഫിക് സംവിധാനവും യാത്രയുടെ മാറ്റ് കൂട്ടി. പണ്ടത്തെ കാലത്തെ ബസുകൾ മാറ്റി ഉന്നത നിലവാരത്തിലുള്ള ലോ ഫ്ലോർ ബസുകൾ ചെന്നൈ നഗരത്തിൽ പറന്നു നടക്കുകയാണ്. കെ എസ് ആർ ടി സി എന്ന നമ്മുടെ സംവിധാനത്തെ ഇട്ട് തള്ളുന്ന ആളുകൾക്ക് തികച്ചും അനുകരണീയമാണ് തമിഴ് നാട്ടിലെ പൊതുഗതാഗത മോഡൽ.
പൊതുവെ തിരക്കൊഴിയാത്ത പ്രതീതിയാണ് ചെന്നൈ പട്ടണത്തിന്. ദാസനും വിജയനും പ്രതീക്ഷകളുടെ കളിവഞ്ചിയുമായി തീരം പിടിച്ചതും ഇതേ പട്ടണത്തിൽ തന്നെയാണ്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും ചെന്നൈക്ക് കൂടുതൽ സൗന്ദര്യം നൽകിയിട്ടുണ്ട്. കെട്ടിലും മട്ടിലും അവ തികഞ്ഞ വ്യത്യസ്തത കാത്ത് സൂക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും, ചെന്നൈയിലെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ യാതൊരു വിധ പുരോഗതിയും ഇല്ല എന്നുള്ളത് യഥാർത്ഥ്യമാണ്. ചേരി പ്രദേശങ്ങളിൽ കഴിയുന്ന മനുഷ്യരുടെ സാഹചര്യങ്ങൾ വളരെ പരിതാപകരമാണ്. സമൂഹത്തിനും സംസ്ഥാനത്തിനും പൊതുവായി ഉയർച്ച ഉണ്ടാകുമ്പോഴും അടിസ്ഥാന വിഭാഗം ജനങ്ങൾ ദുരിതത്തിൽ തന്നെയാണ് എന്നുള്ളത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. പക്ഷെ വസ്തുതയേ കേവല സാധ്യതയുടെ പേരിൽ തള്ളുവാനോ കഴിയില്ല.
ചെന്നൈ യാത്ര ജീവിതത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാണ്. അത് സമ്മാനിച്ച അനുഭവങ്ങളുടെയും ഓർമകളുടെയും ശേഖരം ഹൃദയത്തിന്റെ ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കുന്ന സുന്ദര നിമിഷങ്ങൾക്ക് ഒപ്പം ഉണ്ടാകും. അപരിചതമായ ചെന്നൈ നഗരം എന്നെ സ്വീകരിച്ചത് നോവലിസ്റ്റ് അഖിൽ പി ധർമജൻ പറഞ്ഞത് പോലെ തികഞ്ഞ അൻപോട് തന്നെയാണ്.
റോബിൻ എബ്രഹാം ജോസഫ് : കോട്ടയം കറുകച്ചാൽ സ്വദേശി .ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം, കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ സ്കൂൾ ഓഫ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കി. സിനിമ, സാഹിത്യം, രാഷ്ട്രീയം എന്നിവ ഇഷ്ട വിഷയങ്ങളാണ്.
Leave a Reply