കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ ശബ്ദ പരിശോധന ഇന്നു ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടത്തും. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ ശബ്ദ സന്ദേശങ്ങള്‍ ഇവരുടെ തന്നെയാണെന്നുറപ്പിക്കാനാണ് പരിശോധന. കേസിലെ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കാനാണ് െ്രെകംബ്രാഞ്ചിനു നിയമോപദേശം. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും കേസിലെ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം തുടരാനാണു നീക്കം.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നു തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ വസ്തുതകളില്ലെന്നു വിലയിരുത്തിയാണു ജസ്റ്റിസ് പി.ഗോപിനാഥ് ജാമ്യം നല്‍കിയത്. ഏഴ് വ്യവസ്ഥകളോടെയാണു ജാമ്യം വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാനായി അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ സമീപിക്കാം.