ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്തനാർബുദത്തിന് ശേഷമുള്ള തന്റെ ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ സർജറി ഈ വർഷം തന്നെ മൂന്ന് തവണ മാറ്റിവെക്കപ്പെട്ടുവെന്നും അതിനാൽ തന്നെ സമൂഹത്തിൽ നിന്നും ഒഴിവാക്കപ്പെട്ട തോന്നലാണ് തനിക്കുള്ളതെന്നും അമ്പത്തിയേഴുകാരിയായ കാരെൻ റോജർസ് വെളിപ്പെടുത്തിയിരിക്കുകയാണ്. മോൺമൗത്ത്‌ഷെയറിലെ മഗോറിൽ നിന്നുള്ള റോജേഴ്‌സിന് സ്തനാർബുദം മൂലം ആറ് വർഷം മുമ്പ് മാസ്റ്റെക്‌ടമി അഥവാ സ്തനങ്ങൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ അതിനു ശേഷം നടത്തുന്ന ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ സർജറിയാണ് ഇപ്പോൾ നിരവധി തവണയായി മാറ്റിവയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതു മൂലം താൻ ധരിക്കുന്ന വസ്ത്രം മുതൽ ആളുകളെ ആലിംഗനം ചെയ്യുന്ന രീതി വരെ ബാധിക്കപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. ചില ക്യാൻസർ സേവനങ്ങൾ ആളുകൾക്ക് ലഭ്യമാകുവാൻ കൂടുതൽ സമയമെടുക്കുന്നതായി വെൽഷ് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സർജറിയിലൂടെ തനിക്ക് ലഭ്യമാകുന്നത് ഒരിക്കലും സ്വാഭാവികമായ സ്തനങ്ങളാവില്ലെന്ന് തനിക്ക് തന്നെ ബോധ്യമുണ്ടെങ്കിലും, സാധാരണ സ്ഥിതിയിലും രൂപത്തിലും തന്നെ കാണാൻ ആഗ്രഹമുള്ളതിനാലാണ് ഈയൊരു സർജറിക്ക് വേണ്ടി താൻ ആഗ്രഹിക്കുന്നതെന്നും കാരെൻ വ്യക്തമാക്കി.
2023 ൽ മൂന്നുതവണ മാറ്റിവയ്ക്കപ്പെടുന്നതിന് മുൻപായി തന്നെ റോജേഴ്സിന്റെ ശസ്ത്രക്രിയ പലതവണ വൈകിയിരിക്കുകയാണ്. 2016 ഡിസംബറിൽ റോജേഴ്സിന്‍റെ ഇടത് സ്തനത്തിലെ മാസ്റ്റെക്ടമിക്ക് ശേഷം, റീ കൺസ്ട്രക്ഷൻ സർജറി ക്യാൻസർ ചികിത്സ അവസാനിക്കുന്നത് വരെ മാറ്റിവയ്ക്കപ്പെട്ടു. അതിനുശേഷം റോജേഴ്സിന്‍റെ വയറ്റിൽ ഉണ്ടായ ഒരു വളർച്ച നീക്കുന്നതിനായി സർജറി ആവശ്യമായി വരികയും അതിൽ നിന്ന് സുഖപ്പെട്ടു വന്നപ്പോൾ തന്നെ കോവിഡ് കാലം ആരംഭിക്കുകയും ചെയ്തു. ഡീപ് ഇൻഫീരിയർ എപ്പിഗാസ്‌ട്രിക് പെർഫൊറേറ്റർ എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയ വെൽഷ് ഹെൽത്ത് ബോർഡിൽ – സ്വാൻസീ ബേയിൽ മാത്രമാണ് നടത്തുന്നത്. പുതിയ സ്തനങ്ങൾ സൃഷ്ടിക്കാൻ വയറ്റിൽ നിന്ന് ചർമ്മം എടുത്താണ് ഈ ശസ്ത്രക്രിയ നടത്തപ്പെടുന്നത്. കോവിഡ് മൂലം മാറ്റിവയ്ക്കപ്പെട്ട ശസ്ത്രക്രിയകൾ കഴിഞ്ഞ വർഷമാണ് വീണ്ടും പുനരാരംഭിച്ചത്. എന്നാൽ നേഴ്‌സുമാരുടെ സമരം, റോജേഴ്‌സിന്റെ വെളുത്ത രക്താണുക്കളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ, മറ്റൊരു രോഗിക്ക് ഉടനടി ആവശ്യമായി വന്നത് എന്നിവയെല്ലാം തന്നെ കൂടുതൽ കാത്തിരിപ്പിന് കാരണമായി.
ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പുകൾ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് തങ്ങൾ മനസ്സിലാക്കുന്നതായും പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വെൽഷ് ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് രോഗികൾ പ്രതീക്ഷിക്കുന്നത്.
Leave a Reply