ബര്‍ലിന്‍ ∙ കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നും കൊച്ചിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പ്രസവിച്ച മലയാളി യുവതിയുടെയും കുഞ്ഞിന്റെയും ചികിൽസ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം . ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അടിയന്തിരമായി യുവതിയെയും കുഞ്ഞിനേയും ഫ്രാങ്ക്ഫര്‍ട്ടിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴാം മാസത്തില്‍ ഉണ്ടായ പ്രസവം ആയതു കൊണ്ട് കുട്ടി ഇപ്പോഴും ഫ്രാങ്ക്ഫര്‍ട്ടിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടിക്ക് വേണ്ട എമര്‍ജന്‍സി പാസ്പോര്‍ട്ടും മറ്റു യാത്ര രേഖകളും ഫ്രാങ്ക്ഫര്‍ട്ടിലെ എംബസി ഇടപെട്ടു നടപടിക്രമങ്ങള്‍ അനുസരിച്ച് നല്‍കുകയും ചെയ്തു.

എന്നാല്‍ യുകെയില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ ആയതുകൊണ്ട് കുട്ടിക്കോ മാതാപിതാക്കള്‍ക്കോ ജര്‍മനിയിലെ ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ പെടാത്തതുകൊണ്ട് അതിന്റെ പരിരക്ഷ ലഭിക്കില്ല. ലക്ഷങ്ങള്‍ വരുന്ന കുട്ടിയുടെ ചികില്‍സാച്ചെലവ് മാതാപിതാക്കള്‍തന്നെ വഹിക്കേണ്ടി വരും. അതുകൊണ്ടുതന്നെ കുട്ടിയുടെ ചികിത്സക്ക് വേണ്ടി വരുന്ന ഭീമമായ തുക എവിടുന്ന് കണ്ടെത്തും എന്ന ആശങ്കയിലാണ് ആ കുടുംബം. ഇന്‍ഷുറന്‍സ് ഇല്ലാത്തതു ലക്ഷങ്ങള്‍ ചെലവ് വന്നേക്കാവുന്ന ആശുപത്രി ബില്‍ എങ്ങനെ സെറ്റില്‍ ചെയ്യുമെന്നോര്‍ത്ത് കുടുംബം ഇപ്പോള്‍ ആകെ പ്രതിസന്ധിയിലാണ്. ദമ്പതികൾ യുകെയിൽ എത്തിയിട്ട് ഏതാണ്ട് രണ്ടു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. മാവേലിക്കര, കുണ്ടറ സ്വദേശികളാണ് ഇവര്‍. ഈ മാസം അഞ്ചിനാണ് കുഞ്ഞു പിറന്നത്. കുഞ്ഞിന് ഷോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്.